ഇത് ലുക്കാക്കുവിനെ നോക്കി ചിരിക്കാനുള്ള സമയമല്ല : ടുഷേൽ

കഴിഞ്ഞ ക്രിസ്റ്റൽ പാലസിനെതിരെയുള്ള മത്സരത്തിൽ മോശം പ്രകടനമായിരുന്നു ചെൽസി സൂപ്പർതാരം റൊമേലു ലുക്കാക്കു പുറത്തെടുത്തത്. മത്സരത്തിൽ കേവലം 7 ടച്ചുകൾ മാത്രമാണ് താരം നടത്തിയത്.ഒരൊറ്റ ഷോട്ട് പോലും എടുക്കാൻ കഴിഞ്ഞിരുന്നില്ല.ഈ സീസണിൽ വമ്പൻ തുകക്ക് ചെൽസിയിൽ എത്തിയ താരത്തിന് അതിനനുസരിച്ചുള്ള ഒരു പ്രകടനം ഇതുവരെ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല.

അതുകൊണ്ടുതന്നെ വലിയ രൂപത്തിലുള്ള വിമർശനങ്ങളാണ് ഇപ്പോൾ ലുക്കാക്കുവിന് കേൾക്കേണ്ടിവരുന്നത്. ചെൽസി ആരാധകർക്കിടയിൽ തന്നെ താരത്തിന്റെ കാര്യത്തിൽ സംശയങ്ങൾ ഉയരുന്നുണ്ട്.എന്നാൽ ചെൽസിയുടെ പരിശീലകനായ തോമസ് ടുഷേൽ ലുക്കാക്കുവിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്.ലുക്കാക്കുവിനെ നോക്കി ചിരിക്കാനുള്ള സമയമല്ല ഇതെന്നാണ് ടുഷേൽ പറഞ്ഞത്. കഴിഞ്ഞ ദിവസത്തെ പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ടുഷേലിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ലുക്കാക്കുവിനെ നോക്കി ചിരിക്കാനുള്ള സമയമല്ല ഇത്.അദ്ദേഹം ഞങ്ങളുടെ താരമാണ്.ഞങ്ങൾ അവനെ സംരക്ഷിക്കുക തന്നെ ചെയ്യും.അദ്ദേഹത്തിന്റെ കഴിഞ്ഞ മത്സരത്തിലെ കണക്കുകൾ ഞാൻ കണ്ടു. എനിക്കതിൽ എന്ത് ചെയ്യാൻ കഴിയും? എനിക്കറിയില്ല.പക്ഷെ ഞങ്ങൾ ഇത് കൈകാര്യം ചെയ്യേണ്ടതുണ്ട്.ഞങ്ങളുടെ മത്സരത്തിൽ അദ്ദേഹം ഉണ്ടായിരുന്നില്ല എന്നുള്ളതിന്റെ ഡാറ്റ അവിടെ പുറത്തുണ്ട്.ചില മത്സരങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചോ, ആത്മവിശ്വാസം ഇല്ലാത്തതു കൊണ്ടോ ചിലപ്പോൾ സ്ട്രൈക്കർമാരുടെ കാര്യത്തിൽ ഇങ്ങനെ സംഭവിക്കാറുണ്ട് ” ടുഷേൽ പറഞ്ഞു.

98 മില്യൺ പൗണ്ടായിരുന്നു താരത്തിനു വേണ്ടി ചെൽസി ചെലവഴിച്ചിരുന്നത്.ഈ സീസണിൽ ആകെ 28 മത്സരങ്ങൾ കളിച്ച ലുക്കാക്കു 10 ഗോളുകൾ മാത്രമാണ് നേടിയിട്ടുള്ളത്.പ്രീമിയർ ലീഗിൽ അഞ്ച് ഗോളുകൾ മാത്രമാണ് ലുക്കാക്കുവിന്റെ പേരിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *