ലിയോണിന്റെ അത്ഭുതബാലനെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡ്‌

ഫ്രഞ്ച് ക്ലബ്‌ ലിയോണിന്റെ അത്ഭുതബാലൻ എന്ന വിശേഷണത്തിനർഹനായ റയാൻ ചെർകിയെ ടീമിലെത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ച് റയൽ മാഡ്രിഡ്‌. ലിയോണിന്റെ പ്രസിഡന്റ്‌ തന്നെയാണ് റയൽ മാഡ്രിഡ്‌ താരത്തിന് വേണ്ടി തങ്ങളെ സമീപിച്ചതായി ഫുട്ബോൾ ലോകത്തെ അറിയിച്ചത്. കഴിഞ്ഞ ദിവസം ടെലിഫൂട്ടിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം സ്ഥിരീകരിച്ചത്. റയൽ മാഡ്രിഡിന് പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തെ സമീപിച്ചതായി അദ്ദേഹം അറിയിച്ചു. എന്നാൽ താരത്തെ വിട്ടുനൽകാൻ തങ്ങൾ ഉദ്ദേശിക്കുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫുട്ബോൾ ലോകത്തെ ഭാവി വാഗ്ദാനങ്ങളിലൊരാളായാണ് പതിനാറുകാരനായ ഈ താരം അറിയപ്പെടുന്നത്. ഈ സീസണിൽ കേവലം പന്ത്രണ്ട് മത്സരങ്ങൾ കളിച്ച താരം മൂന്ന് ഗോളും രണ്ട് അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചു കഴിഞ്ഞു. 2022 വരെ കരാറുള്ള താരത്തെ ഭാവിയിൽ ലിയോണിനെ നയിക്കാനുള്ള താരമാണെന്നും പ്രസിഡന്റ്‌ ജീൻ മിഷേൽ ഓലസ് പ്രത്യാശ പ്രകടിപ്പിച്ചു.

” ഭാവിയിൽ ഉന്നതങ്ങളിലെത്താൻ കെൽപ്പുള്ള താരമാണ് അദ്ദേഹമെന്നത് ഇവിടെ വ്യക്തമാണ്. അത്കൊണ്ടാണ് താരത്തെ സൈൻ ചെയ്യാൻ വേണ്ടി ഞങ്ങൾ ഏറെ ബുദ്ദിമുട്ടുകൾ സഹിച്ചത്. റയൽ മാഡ്രിഡും മാഞ്ചസ്റ്റർ യുണൈറ്റഡും താരത്തെ സൈൻ ചെയ്യാൻ വേണ്ടി തങ്ങളെ സമീപിച്ചിരുന്നു. പക്ഷെ ഞങ്ങൾക്ക് അദ്ദേഹത്തെ ഞങ്ങളോടൊപ്പം വേണം. ഞങ്ങൾക്ക് അദ്ദേഹത്തെ സഹായിക്കുകയും അത് വഴി നല്ല രീതിയിൽ വളരാൻ വഴിയൊരുക്കുകയും വേണം. ഞങ്ങളുടെ ലക്ഷ്യം എന്തെന്നാൽ അടുത്ത കുറച്ചു വർഷത്തേക്ക് ആക്രമണനിരയുടെ ചുമതല അദ്ദേഹത്തെ ഏൽപ്പിക്കുക എന്നാണ്. അത്കൊണ്ട് തന്നെ അദ്ദേഹത്തെ വിട്ടു നൽകാൻ ഉദ്ദേശിക്കുന്നില്ല ” ടെലിഫൂട്ടിനോട് ഓലസ് പറഞ്ഞു. റയൽ മാഡ്രിഡിന്റെ ഓഫറോ മറ്റു കാര്യങ്ങളോ അദ്ദേഹം വ്യക്തമാക്കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *