മധ്യനിരയിലേക്ക് രണ്ട് സൂപ്പർ താരങ്ങളെ ഒരുമിച്ചെത്തിക്കാൻ പിഎസ്ജി!
ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് എപ്പോഴും തലവേദനകൾ സൃഷ്ടിക്കുന്ന ഒരു പൊസിഷനാണ് മധ്യനിര. ഇറ്റാലിയൻ താരമായ മാർക്കോ വെറാറ്റിയെ മാറ്റിനിർത്തിയാൽ മറ്റു താരങ്ങൾക്ക് മധ്യനിരയിൽ വലിയ ഇംപാക്ട് ഉണ്ടാക്കാൻ സാധിക്കാറില്ല.കഴിഞ്ഞ ട്രാൻസ്ഫറിൽ വൈനാൾഡത്തെ സ്വന്തമാക്കിയെങ്കിലും അതൊന്നും ഫലം കണ്ടിട്ടില്ല.അത്കൊണ്ട് തന്നെ വരുന്ന ട്രാൻസ്ഫറിൽ മധ്യനിരയുടെ ശക്തി വർദ്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി.
രണ്ട് താരങ്ങളെയാണ് പിഎസ്ജി വരുന്ന സമ്മറിൽ മധ്യനിരയിലേക്ക് ലക്ഷ്യം വെക്കുന്നത്.മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരമായ പോൾ പോഗ്ബയാണ് ഒന്നാമത്തെയാൾ.ഈ സീസണോട് കൂടി താരത്തിന്റെ യുണൈറ്റഡുമായുള്ള കരാർ അവസാനിക്കും.ഫ്രീ ഏജന്റായി കൊണ്ട് ടീമിലേക്ക് എത്തിക്കാനാണ് പിഎസ്ജിയുടെ പദ്ധതി.പോഗ്ബക്കും പിഎസ്ജിയിലേക്ക് ചേക്കേറാൻ താല്പര്യമുണ്ട് എന്നുള്ളത് നേരത്തെ വ്യക്തമായിരുന്നു.
Paul Pogba and Lucas Paquetá among PSG's midfield targets as club hesitates over renewing Ángel Di María. (L'Éq)https://t.co/deH3zHvEcw
— Get French Football News (@GFFN) February 8, 2022
മറ്റൊരു താരം ലിയോണിന്റെ ബ്രസീലിയൻ സൂപ്പർതാരമായ ലുകാസ് പക്വറ്റയാണ്.പിഎസ്ജിയുടെ സ്പോർട്ടിങ് ഡയറക്റ്ററായ ലിയനാർഡോ എസി മിലാനിൽ ആയിരുന്ന സമയത്ത് പക്വറ്റയെ അവിടേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.ലിയനാർഡോക്ക് വളരെയധികം താല്പര്യമുള്ള ഒരു താരം കൂടിയാണ് പക്വറ്റ.മാത്രമല്ല ലീഗ് വണ്ണിൽ മിന്നുന്ന പ്രകടനമാണ് ഈ ബ്രസീലിയൻ താരം ലിയോണിന് വേണ്ടി കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്.ഈ രണ്ട് പേരെയും ഒരുമിച്ച് എത്തിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയിലാണ് പിഎസ്ജി.ലെ എക്യുപെയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
എന്നാൽ ഇതോടൊപ്പം തന്നെ മറ്റൊരു കാര്യം കൂടി ഇവർ കൂട്ടിചേർക്കുന്നുണ്ട്.അതായത് സൂപ്പർ താരമായ ഡിമരിയയുടെ കരാർ ഈ സീസണോടുകൂടി അവസാനിക്കും.34-കാരനായ താരത്തിന്റെ കരാർ പുതുക്കുന്ന കാര്യത്തിൽ പിഎസ്ജി മടികാണിക്കുന്നതിന്റെ കാരണം ഈ ട്രാൻസ്ഫർ ലക്ഷ്യങ്ങൾ കൂടിയാണ്.എന്നാൽ തനിക്ക് പിഎസ്ജിയിൽ തുടരാനാണ് താൽപര്യമെന്ന് ഡി മരിയ വ്യക്തമാക്കിയിരുന്നു.