റയലിന് വേണ്ടി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമായി മാഴ്സെലോ!
ഇന്നലെ നടന്ന സ്പാനിഷ് സൂപ്പർ കപ്പ് ഫൈനൽ പോരാട്ടത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അത്ലറ്റിക് ക്ലബ്ബിനെ പരാജയപ്പെടുത്തി കൊണ്ട് റയൽ കിരീടം ചൂടിയിരുന്നു.ലുക്കാ മോഡ്രിച്ച്,കരിം ബെൻസിമ എന്നിവരായിരുന്നു റയലിന് വേണ്ടി ഗോൾ നേടിയത്.ടീമിന്റെ ക്യാപ്റ്റനായ മാഴ്സെലോക്ക് അവസാന കുറച്ചു മിനുട്ടുകളിൽ കളിക്കാനുള്ള അവസരം പരിശീലകനായ കാർലോ ആഞ്ചലോട്ടി നൽകിയിരുന്നു.
ഏതായാലും ഈ കിരീടത്തിൽ മുത്തമിട്ടതോടുകൂടി റയൽ മാഡ്രിഡിന്റെ ചരിത്രത്തിലേക്കാണ് മാഴ്സെലോ നടന്നു കയറിയിട്ടുള്ളത്.അതായത് റയലിന് വേണ്ടി ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ താരമെന്ന റെക്കോർഡ് ഇപ്പോൾ മാഴ്സെലോയുടെ പേരിലാണ്.റയലിന്റെ ഇതിഹാസമായിരുന്ന പാക്കോ ഹെന്റോക്കൊപ്പമാണ് മാഴ്സലോ ഈ റെക്കോർഡ് പങ്കിടുന്നത്.23 കിരീടങ്ങളാണ് ഇരുവരും റയലിന് വേണ്ടി നേടിയിട്ടുള്ളത്. ഒരു കിരീടം കൂടി നേടിക്കഴിഞ്ഞാൽ മാഴ്സെലോക്ക് ഈ റെക്കോർഡ് സ്വന്തം പേരിൽ മാത്രം കുറിക്കാൻ സാധിക്കും.
— Murshid Ramankulam (@Mohamme71783726) January 17, 2022
2007-ലായിരുന്നു മാഴ്സെലോ റയലിൽ എത്തിയത്.തുടർന്ന് റയലിന്റെ നിർണായക താരങ്ങളിൽ ഒരാളായി മാറുകയായിരുന്നു.എന്നാൽ ഫോമിൽ ഇടിവ് സംഭവിച്ചതോടെ നിലവിൽ താരത്തിന് അവസരങ്ങൾ റയലിൽ കുറവാണ്.റയലിനോടൊപ്പം 5 ലാലിഗയും 4 ചാമ്പ്യൻസ് ലീഗ് കിരീടവും മാഴ്സെലോ നേടിയിട്ടുണ്ട്.കൂടാതെ 2 കോപ ഡെൽ റേ,5 സ്പാനിഷ് സൂപ്പർ കപ്പ്,3 യുവേഫ സൂപ്പർ കപ്പ്,4 ക്ലബ് വേൾഡ് കപ്പ് എന്നിവയൊക്കെ താരം നേടി.ഈ സീസണിലെ ലാലിഗ റയൽ നേടുകയാണെങ്കിൽ അത് മാഴ്സെലോക്ക് ചരിത്രനേട്ടമായിരിക്കും സമ്മാനിക്കുക.
ഈ സീസണോട് കൂടി മാഴ്സലോ യുടെ റയലുമായുള്ള കരാർ അവസാനിക്കും.ക്ലബ് കരാർ പുതുക്കാൻ സാധ്യതയില്ല.പക്ഷെ റയലിൽ വിരമിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം.അത്കൊണ്ട് തന്നെ ഈ സീസണിന് ശേഷം മാഴ്സലോ വിരമിച്ചേക്കുമെന്നുള്ള റൂമറുകളും ഉണ്ട്.