ലംപാർഡ് ഒരുങ്ങി തന്നെ, ഹവെർട്സിന് വമ്പൻ തുക ഓഫർ ചെയ്ത് ചെൽസി

ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ഒരുപിടി മികച്ച താരങ്ങളെ സ്റ്റാംഫോഡ് ബ്രിഡ്ജിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ചെൽസി പരിശീലകൻ ഫ്രാങ്ക് ലംപാർഡ്. വില്യൻ, പെഡ്രോ എന്നീ താരങ്ങൾക്ക് പകരക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് താരം.ഇതിന് മുന്നോടിയായി അയാക്സിന്റെ അറ്റാക്കിങ് മിഡ്ഫീൽഡർ ഹാകിം സിയെച്ചിനെ ചെൽസി ക്ലബിലെത്തിച്ചിരുന്നു. ഇനി ലംപാർഡ് ലക്ഷ്യം വെക്കുന്ന താരങ്ങളാണ് ആർബി ലെയ്പ്സിഗിന്റെ ടിമോ വെർണറും ബയേൺ ലെവർകൂസന്റെ കയ് ഹവെർട്സും. ഇരുവരെയും ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ഈ വേളയിൽ ഹാവെർട്സിന് വേണ്ടി വമ്പൻ തുക ഓഫർ ചെയ്തിരിക്കുകയാണ് ചെൽസി. പ്രമുഖമാധ്യമമായ ഡെയിലി മെയിൽ റിപ്പോർട്ട്‌ ചെയ്യുന്നത് പ്രകാരം 75 മില്യൺ പൗണ്ട് ആണ് താരത്തിന് വേണ്ടി ചെൽസി ലെവർകൂസന് വാഗ്ദാനം ചെയ്തിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് റയൽ മാഡ്രിഡ്‌ വാഗ്ദാനം ചെയ്ത തുകയേക്കാൾ കൂടുതലാണിത്.

താരത്തിന് വേണ്ടി റയൽ മാഡ്രിഡ്‌ 71 മില്യൺ പൗണ്ടായിരുന്നു ഓഫർ ചെയ്തിരുന്നത്. എന്നാൽ ഇത് ലെവർകൂസൻ നിരസിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലൂസിന്റെ നീക്കം. ഈ ഓഫറിൽ ലെവർകൂസൻ പ്രതികരണം ഒന്നും രേഖപ്പെടുത്തിയിട്ടില്ല. ഇരുപതുകാരനായ ഹവെർട്സ് ഭാവി സൂപ്പർ താരങ്ങളിലൊരാളായാണ് കണക്കാക്കപ്പെടുന്നത്. നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടി റെക്കോർഡിട്ടതിന് പിന്നാലെ റയലും ബയേണും താരത്തിന് പിന്നാലെയായിരുന്നു. പതിനേഴാം വയസ്സ് മുതൽ ലെവർകൂസനിൽ സ്ഥാനം നേടിയ താരം ജർമനിക്ക് വേണ്ടി ഏഴ് മത്സരങ്ങളിൽ ജേഴ്സിയണിയുകയും ചെയ്തു. താരത്തിന്റെ കാര്യത്തിൽ എന്ത് സംഭവിക്കുമെന്നതിനെ കുറിച്ച് ഞങ്ങൾക്ക് യാതൊരു വിധ ധാരണകളുമില്ല എന്നായിരുന്നു ലെവർകൂസൻ സ്പോർട്ടിങ് ഡയറക്ടർ സിമോൺ റോൾഫെസ് പറഞ്ഞത്. ഏതായാലും ചെൽസിയുടെ ഓഫർ ബയേർ സ്വീകരിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *