ഡെംബലെയെ ഉൾപ്പെടുത്തി യുണൈറ്റഡ് സൂപ്പർ താരത്തെ സ്വന്തമാക്കാൻ ബാഴ്‌സ!

ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ ആവിശ്യമായ മാറ്റങ്ങൾ വരുത്തുന്ന തിരക്കിലാണ് നിലവിൽ എഫ്സി ബാഴ്സലോണയുള്ളത്. ഫെറാൻ ടോറസിനെ ബാഴ്‌സ സ്വന്തമാക്കിയിരുന്നു. ഇനിയും താരങ്ങളെ സ്വന്തമാക്കുമെന്ന് ബാഴ്‌സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട അറിയിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ബാഴ്‌സയുമായി ബന്ധപ്പെട്ട മറ്റൊരു ട്രാൻസ്ഫർ റൂമർ കൂടി പുറത്തേക്ക് വന്നിട്ടുണ്ട്. സൂപ്പർ താരമായ ഡെംബലെയെ ഉൾപ്പെടുത്തിയുള്ള ഒരു സ്വേപ് ഡീലിനാണ് ബാഴ്‌സ ശ്രമിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഫ്രഞ്ച് സൂപ്പർ താരം ആന്റണി മാർഷ്യലിനെയാണ് ബാഴ്‌സ ലക്ഷ്യം വെച്ചിരിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ സ്പോർട്ടാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

ഈ സീസണോട് കൂടിയാണ് ഡെംബലെയുടെ ബാഴ്‌സയുമായുള്ള കരാർ അവസാനിക്കുക. താരം കരാർ പുതുക്കുന്നില്ലെങ്കിലാണ് ബാഴ്‌സ ഈ നീക്കം നടത്തുക. അല്ലാത്ത പക്ഷം താരത്തെ ഫ്രീയായി നഷ്ടപ്പെടാൻ സാധ്യതയുണ്ട്. ആറ് മാസത്തെ ലോൺ അടിസ്ഥാനത്തിലാണ് മാർഷ്യലിനെ എത്തിക്കാൻ ബാഴ്‌സ ഉദ്ദേശിക്കുന്നത്. അതേസമയം ഡെംബലെയെ യുണൈറ്റഡിന് സ്ഥിരമായി കൈമാറാനും ബാഴ്‌സക്ക് സമ്മതമാണ്.

മാർഷ്യലിനെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന് വേണ്ടത്ര അവസരങ്ങൾ നിലവിൽ യുണൈറ്റഡിൽ ലഭിക്കുന്നില്ല. അതിൽ താരം അതൃപ്തനാണ്. അത്കൊണ്ട് തന്നെ മാർഷ്യൽ ക്ലബ് വിടുമെന്നുള്ള റൂമറുകളും സജീവമാണ്. ഏതായാലും മുന്നേറ്റനിരയെ ശക്തിപ്പെടുത്താൻ തന്നെയാണ് സാവിയുടെ തീരുമാനം. മാർഷ്യലിനു പുറമേ കവാനി, കബ്രാൾ, മൊറാറ്റ എന്നിവരെ ബാഴ്‌സയുമായി ബന്ധപ്പെടുത്തിയും റൂമറുകൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *