ടോറസിന് പിന്നാലെ മറ്റൊരു സിറ്റി സൂപ്പർ താരത്തെ നോട്ടമിട്ട് ബാഴ്‌സ!

ബാഴ്‌സയുടെ പരിശീലകനായതിന് ശേഷം രണ്ട് സൈനിംഗുകൾ പൂർത്തിയാക്കാൻ സാവിക്ക് കഴിഞ്ഞിരുന്നു. ഡാനി ആൽവെസിനെയാണ് ആദ്യം ടീമിലേക്ക് എത്തിച്ചത്. തുടർന്ന് മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം ഫെറാൻ ടോറസിനെ സ്വന്തമാക്കി. ഇതിന് പുറമേ ബാഴ്‌സയുമായി ബന്ധപ്പെട്ട ഒരുപാട് ട്രാൻസ്ഫർ റൂമറുകളും നില നിൽക്കുന്നുണ്ട്.

ഇപ്പോഴിതാ മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റൊരു സ്പാനിഷ് സൂപ്പർ താരത്തെ കൂടി സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്‌സ. ഡിഫൻഡറായ അയ്മറിക് ലപോർട്ടയെയാണ് ഇപ്പോൾ ബാഴ്‌സ നോട്ടമിട്ടിരിക്കുന്നത്.എറിക് ഗാർഷ്യക്ക് കൂട്ടായി കൊണ്ട് ഒരു മികച്ച ഡിഫൻഡറെ സാവിക്ക് ആവശ്യമുണ്ട്. ആ സ്ഥാനത്തേക്കാണ് ലപോർട്ടയെ സാവി പരിഗണിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

താരത്തിന് വേണ്ടി 65 മില്യൺ യൂറോയെങ്കിലും ബാഴ്‌സ മുടക്കേണ്ടി വരും. ഈയൊരു അവസ്ഥയിൽ ബാഴ്‌സക്ക് അതിന് സാധിക്കുമോ എന്നുള്ളതാണ് സംശയകരമായ കാര്യം. ലപോർട്ടയെ കൂടി ടീമിൽ എത്തിക്കുകയാണെങ്കിൽ 12 മാസത്തിനിടെ മാഞ്ചസ്റ്റർ സിറ്റിയുടെ മൂന്ന് സ്പാനിഷ് താരങ്ങളെ റാഞ്ചിയ ടീമായി മാറാൻ ബാഴ്‌സക്ക് സാധിക്കും.

2018-ൽ അത്ലറ്റിക്ക് ബിൽബാവോയിൽ നിന്നായിരുന്നു ലപോർട്ട മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്.ഇതുവരെ 123 മത്സരങ്ങളാണ് സിറ്റിക്ക് വേണ്ടി കളിച്ചിട്ടുള്ളത്. അതിൽ നിന്ന് 9 ഗോളുകളും ഈ ഡിഫൻഡർ നേടിയിട്ടുണ്ട്.സിറ്റിയോടൊപ്പം ഏഴ് കിരീടനേട്ടങ്ങളിലും താരം പങ്കാളിയായി.അതേസമയം ഫ്രാൻസിൽ നിന്നും സ്പെയിനിലേക്ക് മാറിയ താരം 14 മത്സരങ്ങളും സ്പാനിഷ് ടീമിന് വേണ്ടി കളിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *