മെസ്സിയുടെ വരവ്, വൻ ലാഭം കൊയ്ത് പിഎസ്ജി!

കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലെ ഏറ്റവും ശ്രദ്ധാകേന്ദ്രങ്ങളിലൊന്നായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി. അപ്രതീക്ഷിതമായി ബാഴ്‌സ വിട്ട മെസ്സി ഉടൻ തന്നെ പിഎസ്ജിയിലേക്ക് എത്തുകയായിരുന്നു. ഇതോടെ പിഎസ്ജിയുടെ മൂല്യം കുതിച്ചുയർന്നിരുന്നു. അത് മാത്രമല്ല സർവ്വ മേഖലകളിലും മെസ്സിയുടെ വരവോടു കൂടി വൻ ലാഭമാണ് പിഎസ്ജി കൊയ്തിരിക്കുന്നത്.

ജേഴ്സിയുടെ വിൽപ്പന,സ്പോൺസർഷിപ്പുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ടിക്കറ്റ് വിൽപ്പന എന്നിവയിലൊക്കെ വലിയ കുതിച്ചു ചാട്ടമാണ് ഇപ്പോൾ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് ഇക്കാര്യങ്ങളൊക്കെ വിശദീകരിച്ചിട്ടുണ്ട്.

ഏകദേശം ഒരു മില്യൺ ജേഴ്സിയാണ് പിഎസ്ജി ഇതുവരെ വിറ്റു തീർത്തിട്ടുള്ളത്. ഇതേ കുറിച്ച് ക്ലബ്ബിന്റെ സ്പോൺസർഷിപ് ഡയറക്ടറായ മാർക്ക് ആംസ്ട്രോങ്ങ്‌ പറയുന്നത് ഇങ്ങനെയാണ്.

“മെസ്സി ഒരു വലിയ ആസ്തിയാണ്.സാമ്പത്തികപരമായി നോക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ ഇമ്പാക്ട് വളരെ വലുതാണ്.മറ്റേത് ക്ലബ്ബിനെക്കാളും കൂടുതൽ ജേഴ്‌സികൾ വിൽക്കാൻ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ഈ വർഷം അതിനേക്കാളും ഉണ്ടാവും. ഞങ്ങളുടെ ജേഴ്സിയുടെ ഡിമാൻഡ് ഇപ്പോൾ 40 ശതമാനത്തോളം വർധിച്ചിട്ടുണ്ട്.ഞങ്ങൾ എത്ര ഉത്പാദിപ്പിച്ചാലും അത് വിറ്റു തീരും. അത്രയും ഡിമാൻഡ് ആണ് നിലവിൽ ഉള്ളത് ” ഇതാണ് ജേഴ്‌സി വിൽപ്പനയെ കുറിച്ച് ആംസ്ട്രോങ്ങ്‌ പറഞ്ഞത്.

അത്പോലെ തന്നെ സ്പോൺസർഷിപ്പും വലിയ രൂപത്തിൽ വർധിച്ചിട്ടുണ്ട്.ഓട്ടോ ഹീറോ, ക്രിപ്റ്റോ ഡോട്ട് കോം,സ്മാർട്ട്‌ ഗുഡ് തിങ്സ്,ഗൊറില്ലാസ് എന്നിവരൊക്കെ പിഎസ്ജിയുടെ പുതിയ സ്പോൺസർമാർ ആണ്. മില്യണുകളാണ് ഇതുവഴി പിഎസ്ജിയുടെ അധികവരുമാനം.

സോഷ്യൽ മീഡിയയിലും വൻ കുതിച്ചു ചാട്ടമാണ് മെസ്സിയുടെ വരവോടു കൂടി പിഎസ്ജിക്ക് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്.എല്ലാ പ്ലാറ്റ്ഫോമുകളിലുമായി ആളെ 20 മില്യണോളം സബ്സ്ക്രൈബെഴ്സ് പിഎസ്ജിക്ക് വർദ്ധിച്ചിട്ടുണ്ട്.ഇതാദ്യമായാണ് പിഎസ്ജി സോഷ്യൽ മീഡിയയിൽ 150 മില്യൺ ഫാൻസ്‌ പിന്നിടുന്നത്. ഓരോ മാസവും ഓരോ മില്യൻ ഫോളോവേഴ്സ് എന്ന രൂപത്തിലാണ് വർധിച്ചു കൊണ്ടിരിക്കുന്നത്.

ടിക്കറ്റ് വില്പനയിലും വൻ മാറ്റമുണ്ടായതായി ആംസ്ട്രോങ്ങ്‌ അറിയിച്ചിട്ടുണ്ട്. പിഎസ്ജിയുടെ എല്ലാ മത്സരങ്ങളുടെ ടിക്കറ്റിനും മെസ്സിയുടെ വരവോടു കൂടി ഡിമാൻഡ് വർധിച്ചിട്ടുണ്ട്.

ചുരുക്കത്തിൽ സാമ്പത്തിക പരമായി വലിയ ലാഭമാണ് മെസ്സി വഴി പിഎസ്ജി സ്വന്തമാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *