അന്ന് കൂട്ടീഞ്ഞോ, ഇന്ന് വൈനാൾഡം, ക്ലബ് വിടുന്ന ലിവർപൂൾ താരങ്ങൾക്ക് സംഭവിക്കുന്നതെന്ത്?
2018-ലായിരുന്നു ഭീമമായ തുകക്ക് ലിവർപൂളിന്റെ ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോയെ ബാഴ്സ സ്വന്തമാക്കിയിരുന്നത്. താരം മിന്നും ഫോമിൽ കളിക്കുന്ന സമയമായിരുന്നു അത്. എന്നാൽ ബാഴ്സയിൽ എത്തിയ കൂട്ടീഞ്ഞോ അമ്പേ പരാജയപ്പെടുകയായിരുന്നു. പിന്നീട് ഇത് വരെ കൂട്ടീഞ്ഞോ പ്രതാപകാലത്തിന്റെ നിഴലിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. ആൻഫീൽഡ് വിട്ട കൂട്ടീഞ്ഞോക്ക് പിന്നീട് തിളങ്ങാൻ സാധിച്ചില്ല എന്നുള്ളതാണ് യാഥാർത്ഥ്യം.
സമാനമായ അവസ്ഥയിലൂടെയാണിപ്പോൾ മറ്റൊരു സൂപ്പർ താരമായ വൈനാൾഡം കടന്നു പോവുന്നത്. ലിവർപൂളിലെ മിന്നും പ്രകടനത്തിന് ശേഷം ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു വൈനാൾഡം പിഎസ്ജിയിൽ എത്തിയത്. ലിവർപൂളിനൊപ്പം ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗുമൊക്കെ നേടിയതിനുശേഷമായിരുന്നു താരത്തിന്റെ വരവ്.എന്നാൽ സീസണിന്റെ പകുതി പിന്നിടുമ്പോൾ ഒന്നും ചെയ്യാനാവാതെ നിൽക്കുന്ന വൈനാൾഡത്തെയാണ് നമുക്കിപ്പോൾ കാണാനാവുക.
— Murshid Ramankulam (@Mohamme71783726) December 17, 2021
ഈ സീസണിൽ 21 മത്സരങ്ങൾ വൈനാൾഡം പിഎസ്ജിക്കായി കളിച്ചിട്ടുണ്ട്. അതിൽ പകുതിയോളവും പകരക്കാരന്റെ വേഷത്തിലായിരുന്നു. എന്നാൽ ടീമിന് കാര്യമായി ഒന്നും തന്നെ കോൺട്രിബൂട്ട് ചെയ്യാൻ താരത്തിന് സാധിച്ചിരുന്നില്ല. അത്കൊണ്ട് തന്നെ പിഎസ്ജി വിടാനുള്ള ശ്രമമാണ് നിലവിൽ വൈനാൾഡം നടത്തി കൊണ്ടിരിക്കുന്നത്.ലിവർപൂളിൽ മിന്നും ഫോമിൽ കളിച്ചിരുന്ന താരമിപ്പോൾ പ്രീമിയർലീഗിലെ ഏതെങ്കിലുമൊരു ക്ലബ്ബിലേക്ക് ലോൺ അടിസ്ഥാനത്തിൽ കൂടമാറാനുള്ള ഒരുക്കത്തിലാണ്. താൻ ആഗ്രഹിച്ചതല്ല തനിക്ക് പിഎസ്ജിയിൽ ലഭിക്കുന്നത് എന്നുള്ള കാര്യം താരം തന്നെ തുറന്ന് പറഞ്ഞിരുന്നു.
ഏതായാലും പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ഈ കാര്യങ്ങളൊക്കെ വിശദീകരിച്ചശേഷം ഒരു മുന്നറിയിപ്പ് നൽകുന്നുണ്ട്.നിങ്ങൾ ആൻഫീൽഡ് വിടുകയാണെങ്കിൽ നിങ്ങളുടെ റിസ്ക്കിൽ മാത്രം ക്ലബ് വിടുക എന്നാണവർ പറഞ്ഞു വെക്കുന്നത്.അതിനുള്ള ഉദാഹരണങ്ങളായി ഗോൾ ഡോട്ട് കോം ചൂണ്ടികാണിക്കുന്നത് കൂട്ടിഞ്ഞോയെയും അതുപോലെതന്നെ വൈനാൾഡത്തേയുമാണ്.