പോച്ചെട്ടിനോയുടെ കളിശൈലിയിൽ മെസ്സിയുടെ പരിവാരങ്ങൾക്ക് സംശയം!
കഴിഞ്ഞ കുറച്ചു മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ ഫ്രഞ്ച് വമ്പൻമാരായ പിഎസ്ജിക്ക് സാധിച്ചിരുന്നില്ല. അവസാനമായി പിഎസ്ജി കളിച്ച നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് പിഎസ്ജി വിജയിച്ചത്. മാഞ്ചസ്റ്റർ സിറ്റിയോട് തോറ്റതിന് പിന്നാലെ നീസ്, ലെൻസ് എന്നിവരോട് പിഎസ്ജി സമനില വഴങ്ങുകയും ചെയ്തിരുന്നു.
അത്കൊണ്ട് തന്നെ പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോക്കെതിരെ വിമർശനങ്ങൾ ഉയരുന്നുണ്ട്. കൂടാതെ മെസ്സിയുടെ പരിവാരങ്ങൾക്കും പോച്ചെട്ടിനോയിൽ സംശയങ്ങൾ ഉയർന്നു വരുന്നുണ്ട് എന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്.പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
Lionel Messi's entourage have doubts on Mauricio Pochettino's tactical aptitude and game plan. (L'Éq)https://t.co/rNG2rQamOi
— Get French Football News (@GFFN) December 6, 2021
പിഎസ്ജിയിൽ ഇതുവരെ മെസ്സിക്ക് പ്രതീക്ഷക്കൊത്തുയരാൻ സാധിച്ചിട്ടില്ല. ലീഗ് വണ്ണിലെ ഒൻപത് മത്സരങ്ങളിൽ നിന്ന് ഒരേയൊരു ഗോൾ മാത്രമാണ് മെസ്സിക്ക് നേടാനായിട്ടുള്ളത്.ഇതിന് കാരണം പോച്ചെട്ടിനോയാണ് എന്നാണ് മെസ്സിയുമായി ബന്ധപ്പെട്ട അടുത്ത വ്യക്തികൾ കരുതുന്നത്. ഇതുവരെ ഒരു സ്ഥിരം ഫോർമേഷൻ പോച്ചെട്ടിനോക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ശൈലികൾ ഒന്നും തന്നെ ഫലം കണ്ടിട്ടില്ല. ഇതാണ് ഇവരിൽ സംശയങ്ങൾ ജനിക്കാൻ കാരണം.ഒരു വ്യക്തമായ ഗെയിം പ്ലാൻ പോച്ചെക്ക് ഇല്ല എന്നാണ് ഇവർ വിശ്വസിക്കുന്നത്.
പിഎസ്ജിക്കായി ഇതുവരെ 13 മത്സരങ്ങൾ കളിച്ച മെസ്സി 4 ഗോളുകളും 3 അസിസ്റ്റുകളുമാണ് ആകെ നേടിയിട്ടുള്ളത്. ഇതിനേക്കാൾ മികച്ച പ്രകടനം നടത്താൻ മെസ്സിക്ക് കഴിയുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.