മുൻ അത്ലറ്റികോ മാഡ്രിഡ്‌ താരത്തെ ടീമിലെത്തിക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്

മുൻ അത്ലറ്റികോ മാഡ്രിഡ്‌ ബി താരവും നിലവിൽ ഐഎസ്എല്ലിലെ എടികെ താരവുമായ വിക്ടർ മോൺഗിലിനെ ലക്ഷ്യം വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ത്യൻ മാധ്യമമായ ഖേൽനൗ ആണ് ഈ ട്രാൻസ്ഫർ വാർത്ത പുറത്തുവിട്ടിരിക്കുന്നത്. ഒരു പ്രതിരോധനിര താരത്തെ ടീമിലെത്തിക്കൽ നിർബന്ധിതമായ ഈ സാഹചര്യത്തിൽ മികച്ച ഡിഫൻഡർമാരെ കൊച്ചിയിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ കിബു വിക്കുന. സ്പാനിഷ് താരങ്ങളായ ടിരി, വിക്ടർ മോൺഗിൽ എന്നിവരെയാണ് ഇപ്പോൾ ബ്ലാസ്റ്റേഴ്‌സ് നോട്ടമിട്ടു വെച്ചിരിക്കുന്നത്. ഇരുവരും മുൻപ് അത്ലറ്റികോ മാഡ്രിഡിന്റെ ബി ടീമിന് വേണ്ടി പന്തുതട്ടിയവരാണ്. ടിരി നിലവിൽ ജംഷഡ്പൂരിന്റെ താരമാണ്. ടിരിക്ക് വേണ്ടി തുടക്കത്തിൽ ബ്ലാസ്റ്റേഴ്‌സ് ശ്രമിച്ചിരുന്നുവെങ്കിലും ഫലം കാണാതെ വന്നതോടെ പകരമായി മോൺഗിലിന് വേണ്ടിയാണ് ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നതെന്ന് ഖേൽനൗവിനെ ഉദ്ധരിച്ചു കൊണ്ട് ട്രാൻസ്ഫർ മാർക്കറ്റും ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

സന്ദേശ് ജിങ്കൻ ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ പ്രതിരോധത്തിൽ താരത്തിന്റെ വിടവ് നികത്താൻ കെൽപ്പുള്ള ഒരു താരത്തെ ബ്ലാസ്റ്റേഴ്സിന് ആവിശ്യമാണ്. ആ സ്ഥാനത്തേക്കാണ് വിക്ടർ മോൺഗലിനെ ബ്ലാസ്റ്റേഴ്‌സ് പരിഗണിക്കുന്നത്. കഴിഞ്ഞ സീസണിൽ ഐഎസ്എല്ലിൽ എടികെക്ക് വേണ്ടി ഏഴ് മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. അത്കൊണ്ട് തന്നെ ഐഎസ്എല്ലിലെ ചെറിയ പരിചയസമ്പന്നതയും മുതൽകൂട്ടാവുമെന്നാണ് പരിശീലകൻ വിക്കുന കരുതുന്നത്. ഇരുപത്തിയേഴുകാരനായ താരം തന്റെ ശൈലിക്ക് അനുയോജ്യനാണ് എന്നാണ് വിക്കുന വിശ്വസിക്കുന്നത്. ഏകദേശം മൂന്നു കോടിയിലധികം രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ. ഇതേ തുക തന്നെയാണ് ടിരിക്കും ആവശ്യപ്പെടുന്നത്. ഐഎസ്എല്ലിലേക്ക് വരുന്നതിന് മുൻപ് ജോർജിയൻ ലീഗിലായിരുന്നു താരം കളിച്ചിരുന്നത്. കഴിഞ്ഞ പ്രാവിശ്യം ചാമ്പ്യൻമാരായ എടികെ ടീമിൽ അംഗമായിരുന്നുവെങ്കിലും താരത്തെ ടീമിൽ നിലനിർത്താൻ പരിശീലകൻ ഹബാസിന് വലിയ താല്പര്യമൊന്നുമില്ല. അത്കൊണ്ട് തന്നെ താരം ബ്ലാസ്റ്റേഴ്സിലേക്ക് ജോയിൻ ചെയ്യാൻ സാധ്യത കൂടുതലാണ്. ബ്ലാസ്റ്റേഴ്‌സ് താരവുമായി സംസാരിച്ചതായാണ് വാർത്തകൾ പുറത്തുവരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *