വേൾഡ് കപ്പ് രണ്ട് വർഷത്തിലൊരിക്കൽ നടത്തണമെന്ന ആവിശ്യവുമായി വീണ്ടും മഷെരാനോ രംഗത്ത്!

നിലവിൽ ഫിഫ വേൾഡ് കപ്പ് നാല് വർഷത്തിലൊരിക്കലാണ് നടത്തപ്പെടുന്നത്. എന്നാൽ ഇത് രണ്ട് വർഷത്തിലൊരിക്കൽ നടത്തണമെന്ന ആവിശ്യവുമായി പല പ്രമുഖരും രംഗത്ത് വന്നിരുന്നു. ആഴ്സണലിന്റെ ഇതിഹാസപരിശീലകനായിരുന്ന ആഴ്സൻ വെങ്ങറും ഈ ആവിശ്യം ഉന്നയിച്ചിരുന്നു.

ഇപ്പോഴിതാ മുൻ അർജന്റൈൻ ഡിഫൻഡറായിരുന്ന ഹവിയർ മഷെരാനോയും ഇതേ ആവിശ്യം വീണ്ടും ഉന്നയിച്ചിട്ടുണ്ട്. വേൾഡ് കപ്പ് രണ്ട് വർഷത്തിലൊരിക്കൽ നടത്തുന്നതിനെ താൻ ഇഷ്ടപ്പെടുന്നു എന്നാണ് മഷെരാനോ അറിയിച്ചത്.അദ്ദേഹത്തിന്റെ വാക്കുകൾ അർജന്റൈൻ മാധ്യമമായ Tyc Sports റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ഒരു താരമെന്ന നിലയിൽ ആണെങ്കിൽ രണ്ട് വർഷത്തിലൊരിക്കൽ വേൾഡ് കപ്പ് കളിക്കുന്നത് ഞാൻ ഇഷ്ടപ്പെടുന്നു.പക്ഷെ ഇക്കാര്യം പരിശീലകരോടും താരങ്ങളോടും സംസാരിക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്.കാരണം അവരാണ് ഇതിൽ കൂടുതൽ ഇടപഴകുന്നത്. അവരുടെ അഭിപ്രായങ്ങൾ അറിയാൻ എനിക്ക് വളരെയധികം താല്പര്യമുണ്ട്.നിങ്ങൾ ആഴ്സൻ വെങ്ങറുടെ അഭിപ്രായം എടുത്തു നോക്കൂ.പലരും ഈ കലണ്ടർ മോഡിഫൈ ചെയ്യണമെന്ന് ആഗ്രഹിക്കുന്നുണ്ട്.എന്തെന്നാൽ ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോൾ അത് അത്യാവശ്യമാണ്.ചില മാറ്റങ്ങൾ ആവശ്യമാണ്. പക്ഷേ അത് താരങ്ങളുടെ സമ്മതത്തോട് കൂടിയാവണം.അവർക്ക് താല്പര്യമില്ലെങ്കിൽ നമുക്ക് അതിനോട് യോജിക്കാനാവില്ല ” ഇതാണ് മഷെരാനോ പറഞ്ഞത്.

അർജന്റീനക്കും ബാഴ്‌സക്കും വേണ്ടി ദീർഘകാലം കളിച്ചിട്ടുള്ള താരമാണ് മഷെരാനോ. ഇദ്ദേഹം മുമ്പും ഇതേ ആശയം പങ്കുവെച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *