മെസ്സിയെ പരിശീലിപ്പിക്കാൻ ആഗ്രഹിച്ചു : തുറന്ന് പറഞ്ഞ് സാവി!
ഇന്നലെയായിരുന്നു എഫ്സി ബാഴ്സലോണ തങ്ങളുടെ പുതിയ പരിശീലകനായി സാവിയെ അവതരിപ്പിച്ചത്.ഖത്തർ ക്ലബായ അൽ സാദിന്റെ പരിശീലകസ്ഥാനം ഒഴിഞ്ഞു കൊണ്ടാണ് സാവിയിപ്പോൾ ബാഴ്സയുടെ പരിശീലകനായിരിക്കുന്നത്. എല്ലാ മേഖലയിലും തകർന്നു നിൽക്കുന്ന എഫ്സി ബാഴ്സലോണയെ ഉയർത്തിക്കൊണ്ടു വരിക എന്ന വെല്ലുവിളിയാണ് നിലവിൽ സാവിക്ക് മുന്നിലുള്ളത്.
ലയണൽ മെസ്സി ഇല്ലാത്ത ബാഴ്സയെയാണ് സാവി പരിശീലിപ്പിക്കേണ്ടത്. എന്നാൽ താൻ മെസ്സിയെ പരിശീലിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു എന്ന കാര്യം ഇപ്പോൾ സാവി തുറന്നു പറഞ്ഞിട്ടുണ്ട്.കൂടാതെ മെസ്സി തനിക്കയച്ച സന്ദേശവും സാവി വെളിപ്പെടുത്തി.ഇന്നലത്തെ പ്രസന്റെഷൻ വേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Xavi: I'd have liked to coach Messi https://t.co/YK5jSkbJnR
— SPORT English (@Sport_EN) November 8, 2021
” തീർച്ചയായും ഞാൻ മെസ്സിയെ പരിശീലിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു.അത്പോലെ തന്നെ റൊണാൾഡിഞ്ഞോയെയും ഏറ്റുവിനെയും ഞാൻ പരിശീലിപ്പിക്കാൻ ആഗ്രഹിച്ചിരുന്നു.ഞാൻ മെസ്സിയോടുള്ള സൗഹൃദബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ്.മെസ്സി എനിക്ക് സന്ദേശമയച്ചിരുന്നു. എല്ലാ വിധ ആശംസകളും അദ്ദേഹം നേർന്നു.ലോകത്തിലെയും ക്ലബ്ബിന്റെ ചരിത്രത്തിലെയും ഏറ്റവും മികച്ച താരമാണ് മെസ്സി. പക്ഷേ അദ്ദേഹമിപ്പോൾ നമ്മുടെ താരമല്ല.അത്കൊണ്ട് തന്നെ ഇവിടെ ഇല്ലാത്ത താരങ്ങളെ കുറിച്ച് ചിന്തിച്ചു കൊണ്ടിരിക്കാൻ നമുക്കാവില്ല ” സാവി പറഞ്ഞു.
നിലവിൽ ലയണൽ മെസ്സി പിഎസ്ജിയുടെ താരമാണ്. മെസ്സി ക്ലബ്ബ് വിട്ടത് വലിയ തിരിച്ചടിയാണ് ബാഴ്സക്ക് ഏൽപ്പിച്ചിരിക്കുന്നത്.