മെസ്സി കളത്തിൽ ചെയ്യുന്നത് മറ്റാർക്കും ചെയ്യാനാവാത്ത കാര്യങ്ങൾ : ഡി മരിയ!
അർജന്റൈൻ ജേഴ്സിയിൽ ദീർഘകാലം സഹതാരങ്ങളായി തുടരുന്ന താരങ്ങളാണ് ലയണൽ മെസ്സിയും എയ്ഞ്ചൽ ഡി മരിയയും. എന്നാൽ ഈ സീസൺ മുതലാണ് ഇരുവർക്കും ക്ലബ് തലത്തിൽ ആദ്യമായി ഒരുമിച്ച് കളിക്കാനുള്ള അവസരം ലഭിച്ചത്. മെസ്സി പിഎസ്ജിയിൽ എത്തിയതോടെയാണ് ഇരുവരും ക്ലബ് തലത്തിൽ ഒന്നിച്ചത്. ഏതായാലും പിഎസ്ജിയിൽ മെസ്സിയോടൊപ്പം കളിക്കുന്നതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഡി മരിയ ഇപ്പോൾ രേഖപ്പെടുത്തിയിട്ടുണ്ട്. മെസ്സി അതുല്യനായ താരമാണെന്നും അദ്ദേഹം കളിക്കളത്തിൽ ചെയ്യുന്നത് മറ്റാർക്കും ചെയ്യാനാവാത്ത കാര്യങ്ങൾ ആണ് എന്നുമാണ് ഡി മരിയ അറിയിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം ടെലിഫൂട്ടിനോട് സംസാരിക്കുകയായിരുന്നു ഡി മരിയ. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Di Maria Opens Up on What It Is Like to Play Alongside Messi at PSG https://t.co/LY4yJtrH6j
— PSG Talk (@PSGTalk) October 27, 2021
“ക്ലബ് ഫുട്ബോളിൽ ലയണൽ മെസ്സിക്കൊപ്പം കളിക്കുക എന്നുള്ളത് ഞാൻ മിസ് ചെയ്ത കാര്യമാണ്.എപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച താരം ലയണൽ മെസ്സിയാണ്. അത് അങ്ങനെ തുടരുക തന്നെ ചെയ്യും.കളിക്കളത്തിൽ അവൻ ചെയ്യുന്ന കാര്യങ്ങൾ മറ്റാർക്കും ചെയ്യാനാവാത്തതാണ്.അതുല്യനായ ഒരു താരമാണ് മെസ്സി. അത്കൊണ്ട് തന്നെ നമ്മൾ അദ്ദേഹത്തെ പരമാവധി പ്രയോജനപ്പെടുത്തണം ” ഡി മരിയ പറഞ്ഞു.
കഴിഞ്ഞ മാഴ്സെക്കെതിരെയുള്ള മത്സരത്തിൽ മെസ്സിയും ഡി മരിയയുമൊക്കെ ഇറങ്ങിയിരുന്നുവെങ്കിലും പിഎസ്ജിക്ക് വിജയിക്കാൻ സാധിച്ചിരുന്നില്ല. ഇനി ലില്ലിക്കെതിരെയാണ് പിഎസ്ജിയുടെ അടുത്ത മത്സരം. ഈ മത്സരത്തിലും ഇരുവരും ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.