ബ്രസീൽ-അർജന്റീന മത്സരം സസ്പെന്റ് ചെയ്തത് എന്ത് കൊണ്ട്?
ഇന്നലെ നടന്ന ബ്രസീൽ-അർജന്റീന മത്സരം ആരംഭിച്ച് മിനുട്ടുകൾക്കകം തന്നെ മത്സരം തടസ്സപ്പെടുന്ന ഒരു കാഴ്ച്ചയാണ് ഫുട്ബോൾ ലോകത്ത് നിന്നും കാണാനായത്. മത്സരത്തിന്റെ അഞ്ച് മിനിറ്റുകൾക്ക് ശേഷം ബ്രസീലിയൻ ഹെൽത്ത് അതോറിറ്റി മൈതാനത്തേക്ക് പ്രവേശിച്ചതോടെ മത്സരം തടസ്സപ്പെടുകയായിരുന്നു. തുടർന്ന് മത്സരം സസ്പെന്റ് ചെയ്തതായി കോൺമെബോൾ തന്നെ ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
ഇവിടെ അർജന്റീനയുടെ പ്രീമിയർ ലീഗ് താരങ്ങളായ ലോ സെൽസോ, റൊമേറോ, എമിലിയാനോ മാർട്ടിനെസ്, എമിലിയാനോ ബൂണ്ടിയ എന്നിവർ ക്വാറന്റയിൻ നിയമങ്ങൾ ലംഘിച്ചു എന്ന് ആരോപിച്ചു കൊണ്ടാണ് ബ്രസീലിയൻ ഹെൽത്ത് അതോറിറ്റി മത്സരം തടസ്സപ്പെടുത്തിയത്. ഇംഗ്ലണ്ടിൽ നിന്നും വരുന്നതിനാൽ ഈ നാല് താരങ്ങളും 14 ദിവസത്തെ ക്വാറന്റയിൻ പൂർത്തിയാക്കണമെന്നാണ് ബ്രസീലിലെ നിയമം. എന്നാൽ ഈ താരങ്ങൾ അർജന്റീന ടീമിനൊപ്പം തുടരുകയായിരുന്നു.ഇതാണ് ഹെൽത്ത് അതോറിറ്റി മത്സരത്തിലേക്ക് ഇറങ്ങി വന്ന് കൊണ്ട് മത്സരം തടസ്സപ്പെടുത്തിയത്.
⁉️ Todos los porqués de la vergüenza brasileña
— Diario Olé (@DiarioOle) September 5, 2021
¿Qué pasó? ¿Quién es responsable? ¿Quién decidió dejar la cancha? ¿Qué dijo Conmebol? Claves del escándalo.https://t.co/X0GtkuOb6C
അതേസമയം എന്ത് കൊണ്ട് ഈ താരങ്ങൾക്കെതിരെ നേരത്തേ നടപടി സ്വീകരിച്ചില്ല എന്ന ചോദ്യം ഹെൽത്ത് അതോറിറ്റിക്കെതിരെ ഉയർന്നിരുന്നു. അതിന് മറുപടിയായി അവർ പറഞ്ഞത് അവരുടെ യാത്ര രേഖകളിൽ അവർ ഇംഗ്ലണ്ടിൽ നിന്നാണ് വരുന്നതെന്ന് വ്യക്തമല്ലെന്നും ഈ പ്രീമിയർ ലീഗ് താരങ്ങൾ ഇംഗ്ലണ്ടിൽ നിന്നാണ് വരുന്നത് എന്നുള്ള കാര്യം തങ്ങൾ വൈകിയാണ് അറിയുന്നത് എന്നുമാണ്.
ഏതായാലും മത്സരം കോൺമെബോൾ സസ്പെന്റ് ചെയ്തിരുന്നു. ഇവിടെ ഒരു അന്തിമ തീരുമാനം ഫിഫയാണ് കൈക്കൊള്ളേണ്ടത്. എന്ത് രൂപത്തിലുള്ള നടപടിയാണ് ഫിഫ കൈകൊള്ളുക എന്നുള്ളത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.