കരാർ റദ്ദാക്കി, വില്യൻ ബ്രസീലിൽ തിരികെയെത്തി!
ബ്രസീലിയൻ സൂപ്പർ താരം വില്യൻ പ്രീമിയർ ലീഗ് ക്ലബായ ആഴ്സണലിനോട് വിടപറഞ്ഞു. കേവലം ഒരു സീസൺ മാത്രം ആഴ്സണലിൽ ചിലവഴിച്ച ശേഷമാണ് താരം ക്ലബ് വിടുന്നത്. ഇക്കാര്യം വില്യനും ആഴ്സണലും സ്ഥിരീകരിച്ചിട്ടുണ്ട്. താരത്തിന് ഫ്രീ ഏജന്റായി പോവാൻ വേണ്ടി ആഴ്സണൽ കരാർ റദ്ദാക്കുകയായിരുന്നു.കഴിഞ്ഞ സീസണിൽ ചെൽസിയിൽ നിന്നായിരുന്നു വില്യൻ ആഴ്സണലിലേക്ക് എത്തിയത്.33-കാരനായ താരം 38 മത്സരങ്ങൾ ആഴ്സണലിനായി കളിച്ചുവെങ്കിലും ഒരേ ഒരു ഗോൾ മാത്രമായിരുന്നു നേടാനായത്. തുടർന്ന് നടന്ന ചർച്ചയിൽ വില്യൻ ക്ലബ് വിടാൻ തീരുമാനിക്കുകയായിരുന്നു.ഇനി രണ്ട് വർഷത്തെ കൂടി കരാർ അവശേഷിക്കെയാണ് കരാർ റദ്ദാക്കിയത്. തുടർന്ന് താരം തന്റെ ആദ്യ ക്ലബായ കൊറിന്ത്യൻസിലേക്ക് തിരിച്ചെത്തുകയായിരുന്നു.
അതേസമയം തന്റെ വിടവാങ്ങൽ കുറിപ്പിൽ താരം ആഴ്സണലിനും പ്രീമിയർ ലീഗിനും നന്ദി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ ചുരുക്കരൂപം ഇങ്ങനെയാണ്.
WILLIAN É DO TIMÃO! 🚀#BemVindoWillian#VaiCorinthians pic.twitter.com/Iqu988mloV
— Corinthians (@Corinthians) August 30, 2021
” എനിക്ക് അവസരം നൽകിയതിനും എന്നെ ഹാർദവമായി സ്വീകരിച്ചതിനും ഞാൻ ആഴ്സണലിനോടും ക്ലബ്ബിലെ എല്ലാവരോടും ഞാൻ നന്ദി പറയുന്നു.നിർഭാഗ്യവശാൽ, നമ്മൾ പ്ലാൻ ചെയ്ത പോലെയും പ്രതീക്ഷിച്ച പോലെയും കളത്തിൽ കാര്യങ്ങൾ നടപ്പിലാക്കാൻ കഴിഞ്ഞില്ല.എനിക്ക് ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ഞാൻ സാമ്പത്തികപരമായ നേട്ടങ്ങൾക്ക് വേണ്ടിയാണ് ഇവിടെ എത്തിയത് എന്ന് പല മാധ്യമങ്ങളും എനിക്ക് നേരെ വിമർശനമുയർത്തിയിരുന്നു.അങ്ങനെയല്ല എന്ന് എന്റെ ഈ പ്രവർത്തിയിലൂടെ അവർക്ക് മനസ്സിലാക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.ഞാൻ എന്റെ കരിയറിൽ ഉടനീളം എന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെക്കാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്.ഞാൻ 2013-ലാണ് ഇംഗ്ലണ്ടിലേക്ക് വരുന്നത്.എന്റെ ഓരോ നിമിഷവും ഞാൻ ആസ്വദിച്ചിരുന്നു.എന്നെ ഇവിടെ സഹായിച്ച എല്ലാവരോടും ഈ ലീഗിനോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു ” ഇതാണ് വില്യൻ കുറിച്ചത്.
കൊറിന്ത്യൻസിലൂടെ വളർന്ന വില്യൻ ഷാക്തർ ഡോണസ്ക്ക്, ചെൽസി എന്നിവർക്ക് വേണ്ടി പന്ത് തട്ടിയിട്ടുണ്ട്.2019 കോപ്പ അമേരിക്ക ജേതാക്കളായ ബ്രസീൽ ടീമിന്റെ ഭാഗമാവാനും വില്യന് സാധിച്ചിരുന്നു.