അന്ന് ബാഴ്‌സ വിടാൻ ആഗ്രഹിച്ചിരുന്നു, സന്ദർഭം വെളിപ്പെടുത്തി മെസ്സി

സൂപ്പർ താരം ലയണൽ മെസ്സി ബാഴ്‌സ വിട്ട് മറ്റൊരു ക്ലബ്ബിലേക്ക് ചേക്കേറുക എന്നുള്ളത് ആരാധകർ ഓർക്കാൻ പോലും ആഗ്രഹിക്കാത്ത കാര്യമാണ്. താരത്തിന്റെ വളർച്ച തന്നെ ബാഴ്സ എന്ന ക്ലബിൽ നിന്നായിരുന്നു. അന്ന് തൊട്ട് ഇന്ന് വരെ ക്ലബിന്റെ അവിഭാജ്യഘടകമാവാനും താരത്തിന് കഴിഞ്ഞു. എന്നാൽ ഒരിക്കൽ താൻ ബാഴ്സ വിടാൻ ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കഴിഞ്ഞ ദിവസം സ്പാനിഷ് റേഡിയോ സ്റ്റേഷനായ ആർഎസി വണ്ണിന് നൽകിയ അഭിമുഖത്തിലാണ് ബാഴ്സ വിടാൻ ആഗ്രഹിച്ച ആ സന്ദർഭം വെളിപ്പെടുത്തിയത്. 2016-ലെ നികുതിവെട്ടിപ്പ് കേസിൽ അകപ്പെട്ട ആ സന്ദർഭത്തിലാണ് ബാഴ്സ വിടാൻ താൻ ആഗ്രഹിച്ചിരുന്നുവെന്ന് മെസ്സി പ്രസ്താവിച്ചു.

” ആ സമയത്ത് ഞാൻ ബാഴ്സ വിടാൻ ആഗ്രഹിച്ചിരുന്നു.ബാഴ്സ മാത്രമായിരുന്നില്ല, സ്പെയിൻ തന്നെ വിടാൻ ഞാൻ ആഗ്രഹിച്ചിരുന്നു. എന്നെ അപായപ്പെടുത്തിയതായാണ് എനിക്ക് തോന്നിയത്. അന്നെനിക്ക് ബാഴ്സയിൽ തുടരണം എന്നുണ്ടായിരുന്നില്ല. എനിക്കും എന്റെ കുടുംബത്തിനും ഏറെ ബുദ്ദിമുട്ട് അനുഭവപ്പെട്ട സമയമായിരുന്നു അത്. സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് ആളുകൾ മനസ്സിലാക്കിയിരുന്നില്ല. ഏറ്റവും കാഠിന്യമേറിയ സമയമായിരുന്നു. എന്റെ കുട്ടികൾ ചെറുതായതിനാൽ അവർ അത് അറിഞ്ഞില്ല എന്നുള്ള കാര്യത്തിൽ മാത്രം ഞാൻ ഭാഗ്യവാനാണ്. എന്റെ കുട്ടികൾക്കും എന്റെ സൗഹൃദവലയങ്ങൾക്കും വേണ്ടിയാണ് പിന്നീട് ആ ആഗ്രഹം ഉപേക്ഷിച്ചത്. സൗഹൃദങ്ങൾ തകർക്കണം എന്നെനിക്കില്ലായിരുന്നു ” മെസ്സി അഭിമുഖത്തിൽ പറഞ്ഞു.

2016-ലായിരുന്നു മെസ്സിയെയും താരത്തിന്റെ പിതാവിനെയും ഏറെ വലച്ച നികുതി കേസ് നടന്നത്. 2007-നും 2009 നും ഇടയിൽ 4.1 മില്യൺ യുറോ നികുതി വെട്ടിച്ചു എന്നാണ് കേസ്. പിന്നീട് 2016-ൽ ഇത് കേസായി മാറുകയായിരുന്നു. 2017-ൽ മെസ്സി അപ്പീൽ നൽകിയിരുന്നുവെങ്കിലും അത് കോടതി തള്ളുകയായിരുന്നു. പിന്നീട് വൻതുക പിഴയടച്ചാണ് മെസ്സി കേസിൽ നിന്നും പിൻവലിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *