മെസ്സിയുടെ വിടപറയൽ, സഹതാരങ്ങളുടെ പ്രതികരണങ്ങൾ ഇങ്ങനെ!
ലയണൽ മെസ്സി ഇനി ബാഴ്സക്ക് വേണ്ടി കളിക്കില്ല എന്ന ബാഴ്സയുടെ ഔദ്യോഗിക പ്രഖ്യാപനം വന്നതിന് ശേഷം മെസ്സിയുടെ സഹതാരങ്ങൾ എല്ലാം തന്നെ മൗനം പാലിക്കുന്നതായിരുന്നു നമ്മൾ കണ്ടത്. എന്നാൽ പ്രസിഡന്റ് ജോയൻ ലപോർട്ടയുടെ പത്രസമ്മേളനത്തിന് താരത്തിന്റെ സഹതാരങ്ങൾ എല്ലാവരും മെസ്സിക്ക് വിടവാങ്ങൽ സന്ദേശം നൽകിയിട്ടുണ്ട്. ആദ്യമായി സന്ദേശം നൽകിയത് സെർജിയോ ബുസ്ക്കിറ്റസാണ്.2008 മുതൽ മെസ്സിയുടെ സഹതാരമായ ബുസ്ക്കിറ്റസ് കുറിച്ചത് ഇങ്ങനെയാണ്.
” ഈ കഴിഞ്ഞു പോയ വർഷങ്ങളിൽ ഈ ക്ലബ്ബിന് വേണ്ടി ചെയ്തതിനെല്ലാം ഞാൻ നന്ദി പറയുന്നു.ഒരു കുട്ടിയായിരുന്നപ്പോഴാണ് നീ ഇവിടെ എത്തിയത്, ഇപ്പോഴിതാ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായി കൊണ്ടാണ് നിന്റെ മടക്കം. ഈ ക്ലബ്ബിനെ ഉയരങ്ങളിലേക്ക് എത്താൻ സഹായിച്ചത് നീയാണ്.എനിക്ക് നിന്നോടൊപ്പം കളിക്കാനും ചിലവഴിക്കാനും ഒരുപാട് നിമിഷങ്ങൾ ലഭിച്ചിട്ടുണ്ട്. ഞാൻ നിന്നെ വളരെയധികം മിസ് ചെയ്യും ” ഇതാണ് ബുസ്ക്കിറ്റസ് കുറിച്ചിട്ടുള്ളത്.
യുവതാരമായ അൻസു ഫാറ്റിയുടെ സന്ദേശം ഇങ്ങനെയാണ്. ” ലാ മാസിയയിലേക്ക് വരുന്ന എല്ലാ താരങ്ങളുടെയും സ്വപ്നം എന്നുള്ളത് നിങ്ങളോടൊപ്പം കളിക്കുക എന്നുള്ളതാണ്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ എനിക്ക് സാധിച്ചു. ഈ രണ്ട് വർഷക്കാലയളവിൽ എന്നോട് പുലർത്തിയ ബന്ധത്തിനും എനിക്ക് പഠിക്കാൻ കഴിഞ്ഞ കാര്യങ്ങൾക്കും ഞാൻ നന്ദി പറയുന്നു. എന്റെ കുടുംബം എന്നേക്കും നിങ്ങളോട് നന്ദിയും കടപ്പാടും ഉള്ളവരായിരിക്കും. ” ഇതാണ് ഫാറ്റി കുറിച്ചിട്ടുള്ളത്.
ബ്രസീലിയൻ താരമായ കൂട്ടീഞ്ഞോയുടെ വാക്കുകൾ ഇങ്ങനെയാണ്. ” എല്ലാത്തിനും ഞാൻ നന്ദി പറയുന്നു. നിങ്ങളെ കണ്ടുമുട്ടാൻ സാധിച്ചതും നിങ്ങൾക്കൊപ്പം കളിക്കാൻ കഴിഞ്ഞതും വലിയ ആദരമായിട്ടാണ് ഞാൻ കാണുന്നത്. ഈ കാലയളവിൽ നിങ്ങൾ എന്നോടും കുടുംബത്തോടും വെച്ചു പുലർത്തിയ ബന്ധത്തിന് ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും. നിങ്ങളുടെ ഭാവിജീവിതം വിജയകരമാവട്ടെ എന്ന് ഞാൻ ആശംസിക്കുന്നു ” ഇതാണ് കൂട്ടീഞ്ഞോ കുറിച്ചിട്ടുള്ളത്.
മെസ്സിയുടെ മുൻ സഹതാരമായ സാവിയുടെ വാക്കുകൾ ഇങ്ങനെയാണ്. ” ഒരു ബാഴ്സ ആരാധകൻ എന്ന നിലയിൽ, ഒരു സഹതാരം എന്ന നിലയിൽ, ഒരു സുഹൃത്ത് എന്ന നിലയിൽ ഈ വർഷങ്ങളിൽ നീ ഞങ്ങൾക്ക് നൽകിയതിന് എല്ലാം നന്ദി പറയുന്നു. നീ എന്ത് ചെയ്താലും ഞാൻ അതിന് എല്ലാവിധ ആശംസകളും നേരുന്നു ” ഇതാണ് ഇതിഹാസമായ സാവി കുറിച്ചിരിക്കുന്നത്.
യുവതാരം റിക്കി പുജിന്റെ വാക്കുകൾ ഇങ്ങനെയാണ്. ” ഫുട്ബോളിനോട് പാഷനുള്ള ഏതൊരു കുട്ടിയുടെയും സ്വപ്നമായ, നിങ്ങൾക്കൊപ്പം കളിക്കുന്ന എന്ന കാര്യം യാഥാർഥ്യമാക്കാൻ കഴിഞ്ഞ വ്യക്തിയാണ് ഞാൻ. ലോകത്തിലെ ഏറ്റവും മികച്ച താരമായ അങ്ങേക്കൊപ്പം ഡ്രസിങ് റൂം പങ്കുവെക്കാൻ കഴിഞ്ഞത് സ്വപ്നസാക്ഷാൽക്കാരമാണ്.എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച കാര്യമാണ് കഴിഞ്ഞ രണ്ട് വർഷം സംഭവിച്ചത്. നന്ദി ലിയോ ” ഇതാണ് പുജിന്റെ വാക്കുകൾ.
പ്യാനിച്ച് കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ” ലിയോ, നിങ്ങളെ കണ്ടുമുട്ടാൻ കഴിഞ്ഞത് വലിയ മതിപ്പുളവാക്കുന്ന കാര്യമാണ്. നിങ്ങളൊരു പ്രത്യേക വ്യക്തിയാണ്. നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും ഭാവിക്ക് ഞാൻ എല്ലാവിധ ആശംസകളും നേരുന്നു.
ബാഴ്സയുടെ മുൻ നായകനായ ജെറാർഡ് പിക്വേയുടെ കുറിപ്പ് ഇങ്ങനെയാണ്. ” ഒരിക്കലും എല്ലാം ഒരുപോലെ ആയിരിക്കില്ല.ഇരുപത് വർഷങ്ങൾക്ക് ശേഷം നിങ്ങൾ ബാഴ്സയുടെ ജേഴ്സി അണിയുന്നത് അവസാനിപ്പിക്കുകയാണ്. യാഥാർത്ഥ്യങ്ങൾ, ചില സമയങ്ങളിൽ വളരെ ബുദ്ധിമുട്ടേറിയതാണ്. നമ്മൾ 2000-ലാണ് കണ്ടുമുട്ടിയത്. അന്ന് നിങ്ങൾക്ക് 13 വയസ്സായിരുന്നു. അതിനുശേഷം നിങ്ങൾ എന്തൊരു കരിയറാണ് പടുത്തുയർത്തിയത്. ഇതിലും മനോഹരമായി കരിയർ എഴുതിച്ചേർക്കൽ അസാധ്യമാണ്. നീ ഇന്ന് ഇവിടം വിടുന്നുണ്ടെങ്കിലും ഒരിക്കൽ നീ ബാഴ്സയിലേക്ക് തിരിച്ചെത്തുമെന്ന് എനിക്കറിയാം. ” ഇതാണ് പിക്വേ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
— MARCA in English (@MARCAinENGLISH) August 7, 2021
ജോർദി ആൽബയുടെ വാക്കുകൾ ഇങ്ങനെയാണ്. ” ഈ 9 സീസണുകൾ നിങ്ങൾക്കൊപ്പം ചിലവഴിക്കാൻ കഴിഞ്ഞത് വലിയ പ്രിവിലേജാണ്.2005-ൽ നിങ്ങളുടെ ആദ്യ ഗോൾ കാണാനുള്ള ഭാഗ്യം ലഭിച്ച വ്യക്തിയാണ് ഞാൻ. അന്നൊരിക്കലും നിങ്ങൾക്കൊപ്പം കളിക്കാൻ കഴിയുമെന്നും പരസ്പരം മനസ്സിലാക്കുന്ന സുഹൃത്തുക്കളാവാൻ കഴിയുമെന്നും ഞാൻ കരുതിയിരുന്നില്ല.നിങ്ങൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരം മാത്രമല്ല, അത്ഭുതപ്പെടുത്തുന്ന ഒരു വ്യക്തി കൂടിയാണ് ” ഇതാണ് ആൽബ പറഞ്ഞത്.
ഫ്രഞ്ച് താരമായ ഗ്രീസ്മാന്റെ വാക്കുകൾ ഇങ്ങനെയാണ്. ” ഫുട്ബോൾ ഇഷ്ടപ്പെടുന്ന ഏതൊരു വ്യക്തിയും പറയാൻ ആഗ്രഹിക്കുന്ന കാര്യം തന്നെയാണ് എനിക്ക് പറയാനുള്ളത്. നന്ദി! ബാഴ്സലോണയിൽ നിങ്ങൾ ചെയ്ത എല്ലാ കാര്യത്തിനും നന്ദി പറയുന്നു. നിങ്ങളെല്ലാം മാറ്റിമറിച്ചു. ഇതൊരിക്കലും നിങ്ങളുടെ വിട പറച്ചിലല്ല എന്ന് എനിക്കറിയാം.ഒരിക്കൽ കൂടി നിങ്ങൾ ബാഴ്സയിൽ എത്തും. ഞാൻ നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു. ” ഗ്രീസ്മാൻ കുറിച്ചു.
ഗോൾകീപ്പർ ടെർസ്റ്റീഗന്റെ വാക്കുകൾ ഇങ്ങനെയാണ്. ” ലിയോ, നിങ്ങൾക്കൊപ്പം ഇത്രയും വർഷങ്ങൾ കളിക്കാൻ കഴിഞ്ഞത് വളരെയധികം മതിപ്പ് ഉളവാക്കുന്ന കാര്യമാണ്.നന്ദി ലിയോ.നിങ്ങളുടെ ജീവിതം കൊണ്ട് ഈ ക്ലബ്ബിൽ നിങ്ങൾ ചരിത്രം കുറിച്ചു.ഒരു യഥാർത്ഥ ഫുട്ബോൾ ഇതിഹാസമാണ് നിങ്ങൾ. ഒരു ഫുട്ബോളർക്ക് ഒരിക്കലും നേടാൻ കഴിയാത്ത പലതും നിങ്ങൾ നേടി. നിങ്ങൾ ഫുട്ബോളിനെ തന്നെ മാറ്റിമറിച്ചു. നിങ്ങൾക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും നേരുന്നു ” ഇതാണ് ടെർസ്റ്റീഗന്റെ വാക്കുകൾ.
ഏതായാലും ബാഴ്സ ആരാധകർക്ക് ഒന്നടങ്കം നന്ദി തന്നെയാണ് മെസ്സിയോട് പറയാനുള്ളത്.