പ്രീമിയർ ലീഗ് വമ്പൻമാരുടെ ഓഫർ നിരസിച്ച് ലൗറ്ററോ, ലാലിഗ വമ്പൻമാർ രംഗത്ത്!

ഇന്റർ മിലാന്റെ അർജന്റൈൻ സൂപ്പർ സ്‌ട്രൈക്കർ ലൗറ്ററോ മാർട്ടിനെസിനെ ക്ലബ് വിൽക്കാൻ ആലോചിക്കുന്ന കാര്യം കഴിഞ്ഞ ആഴ്ച്ചയായിരുന്നു പുറത്ത് വന്നത്. സാമ്പത്തികപ്രശ്നങ്ങൾ കാരണമാണ് സൂപ്പർ താരത്തെ വിൽക്കാൻ ഇന്ററിനെ പ്രേരിപ്പിക്കുന്ന ഘടകം. ലൗറ്ററോയുടെ കരാർ പുതുക്കാൻ മുമ്പ് തന്നെ ഇറ്റാലിയൻ ചാമ്പ്യൻമാർ ശ്രമം നടത്തിയിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടിരുന്നില്ല. ഇതോടെയാണ് ഇന്റർ താരത്തെ കൈവിടാൻ ആലോചിച്ചത്.

അത്കൊണ്ട് തന്നെ പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്സണൽ താരത്തിന് വേണ്ടി രംഗത്ത് വന്നിരുന്നു.എന്നാൽ ആഴ്സണൽ നൽകിയ ഓഫർ ലൗറ്ററോ നേരിട്ട് തന്നെ നിരസിച്ചു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തേക്ക് വരുന്നത്. പ്രീമിയർ ലീഗിലേക്ക് ചേക്കേറാൻ താരത്തിന് താല്പര്യമില്ല എന്നാണ് ഇതിന് കാരണമായി കണക്കാക്കുന്നത്. പ്രത്യേകിച്ച് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ കഴിയാത്ത ആഴ്സണലിലേക്ക് കൂടുമാറാൻ താരത്തിന് ഉദ്ദേശമില്ല.അത്കൊണ്ടാണ് ആഴ്സണലിന്റെ ഈ നീക്കത്തെ താരം മുളയിലേ നുള്ളിയത്.

അതേസമയം ലാലിഗ ചാമ്പ്യൻമാരായ അത്ലറ്റിക്കോ മാഡ്രിഡ്‌ ലൗറ്ററോക്ക്‌ വേണ്ടി രംഗപ്രവേശനം ചെയ്തിട്ടുണ്ട്. എഫ്സി ബാഴ്സലോണ, റയൽ, അത്ലറ്റിക്കോ എന്നീ ക്ലബുകളെ പരിഗണിക്കാനാണ് ലൗറ്ററോയുടെ തീരുമാനം. എന്നാൽ അത്ലറ്റിക്കോ നൽകിയ ഓഫർ ഇന്റർ മിലാൻ ഇപ്പോൾ നിരസിച്ചിട്ടുണ്ട്.50 മില്യൺ യൂറോയായിരുന്നു അത്ലറ്റിക്കോ ഈ അർജന്റൈൻ താരത്തിന് വേണ്ടി വാഗ്ദാനം ചെയ്തത്. എന്നാൽ ഇന്റർ ആവിശ്യപ്പെടുന്ന തുക ഇതിലും വലുതാണ്.

70 മുതൽ 80 മില്യൺ യൂറോ വരെയുള്ള തുകയാണ് ലൗറ്ററോക്കായി ഇന്റർ പ്രതീക്ഷിക്കുന്നത്. ഇതിൽ കുറഞ്ഞ തുകക്ക് നൽകാൻ ഇന്റർ മിലാൻ തയ്യാറല്ല. അത്കൊണ്ട് തന്നെ അത്ലറ്റിക്കോ താരത്തിനായി പുതിയ ഓഫർ നൽകേണ്ടി വന്നേക്കും.

കഴിഞ്ഞ സീസണിൽ ഇന്ററിനെ സിരി എ ചാമ്പ്യൻമാരാക്കുന്നതിൽ നിർണായകപങ്ക് വഹിച്ച താരമാണ് ലൗറ്ററോ.132 മത്സരങ്ങൾ ഇന്ററിനായി കളിച്ച ലൗറ്ററോ 49 ഗോളുകളാണ് ഇതുവരെ നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *