ഫൈനൽ ഇന്ന്, കെയ്‌ലർ നവാസിന് അതിനിർണ്ണായകം!

ഒരു കിരീടനേട്ടത്തോടെ പുതിയ സീസൺ തുടങ്ങാനുള്ള സുവർണ്ണാവസരമാണ് പിഎസ്ജിക്ക്‌ ഇത്തവണ കൈവന്നിരിക്കുന്നത്. ഇന്ന് നടക്കുന്ന ട്രോഫി ഡെസ് ചാമ്പ്യൻസ് ഫൈനലിൽ ലില്ലിയാണ് പിഎസ്ജിയുടെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 11:30-ന് ടെൽ അവീവിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ലില്ലിയെ കീഴടക്കാനായാൽ പോച്ചെട്ടിനോക്കും സംഘത്തിനും മുത്തമിടാം.

അതേസമയം ഇന്നത്തെ മത്സരം ഗോൾകീപ്പറായ കെയ്‌ലർ നവാസിനെ സംബന്ധിച്ചിടത്തോളം അതിനിർണായകമാണ്. എന്തെന്നാൽ പിഎസ്ജിയുടെ ഒന്നാം ഗോൾകീപ്പർ സ്ഥാനം നിലനിർത്തണമെങ്കിൽ ഇന്നത്തെ മത്സരത്തിൽ നവാസ് മികച്ച പ്രകടനം പുറത്തെടുക്കേണ്ടി വരും. അല്ലാത്ത പക്ഷം വരും മത്സരങ്ങളിൽ നവാസിന് ബെഞ്ചിലിരിക്കേണ്ടി വരുമെന്നാണ് മാർക്ക ചൂണ്ടി കാണിക്കുന്നത്.

നവാസ് ക്ലബുമായുള്ള കരാർ 2024 വരെ പുതുക്കിയിട്ടുണ്ട്.പക്ഷേ ഈ ട്രാൻസ്ഫറിലായിരുന്നു ഇറ്റാലിയൻ ഗോൾകീപ്പറായ ജിയാൻ ലൂയിജി ഡോണ്ണരുമ പിഎസ്ജിയിൽ എത്തിയത്. ഇറ്റലിയെ യൂറോ കപ്പ് ചാമ്പ്യൻമാരാക്കുന്നതിൽ വലിയ പങ്ക് വഹിച്ച ഡോണ്ണരുമ മികച്ച ഫോമിലാണ് കളിക്കുന്നത്. യൂറോ കപ്പിലെ ഏറ്റവും മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടതും ഡോണ്ണരുമയായിരുന്നു.

അത്കൊണ്ട് തന്നെ നവാസിന്റെ സ്ഥാനത്തിന് ഡോണ്ണരുമ ഭീഷണിയാണ്. മികച്ച പ്രകടനം നടത്താൻ നവാസിന് സാധിക്കുന്നില്ലായെങ്കിൽ പിഎസ്ജിയുടെ ഫസ്റ്റ് ഗോൾകീപ്പറായി പോച്ചെട്ടിനോ പരിഗണിക്കുക ഡോണ്ണരുമയെയായിരിക്കും. അത്കൊണ്ട് തന്നെ നവാസിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ ഫൈനൽ നിർണായകമാണ്.

Leave a Reply

Your email address will not be published. Required fields are marked *