ഒഫീഷ്യൽ: സന്ദേശ് ജിങ്കൻ ബ്ലാസ്റ്റേഴ്‌സ് വിട്ടു

ആറ് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധകോട്ട കാത്തുസൂക്ഷിച്ച സന്ദേശ് ജിങ്കനെ ഇനി മഞ്ഞപ്പടയിൽ കാണാനാവില്ല. താരം ക്ലബ്‌ വിടുന്ന കാര്യം കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെയും മറ്റു സാമൂഹികമാധ്യമങ്ങളിലൂടെയുമാണ് ഈ ഹൃദയഭേദകമായ വാർത്ത അധികൃതർ പുറത്തുവിട്ടത്. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവനായി മാറിയ താരമാണ് സന്ദേശ് ജിങ്കൻ. താരം എവിടേക്കാണ് കൂടുമാറുന്നത് എന്ന് വ്യക്തമല്ലെങ്കിലും വിദേശക്ലബുകളിലേക്കാവാനാണ് സാധ്യതകളെന്ന് റിപ്പോർട്ടുകൾ പറയുന്നുണ്ട്. കഴിഞ്ഞ ദിവസം താരം ക്ലബ്‌ വിടുമെന്ന വാർത്തകൾ പുറത്തുവന്നെങ്കിലും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല.

താരം വിദേശക്ലബുമായി കരാറിലെത്തിയതായും റിപ്പോർട്ടുകൾ ഉണ്ട്. ക്ലബ്‌ ഏതെന്ന് വ്യക്തമല്ലെങ്കിലും ഖത്തറിലെ ക്ലബുമായാണ് കരാറിൽ എത്തിയിരിക്കുന്നതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ട്. ഏതായാലും അടുത്ത സീസണിൽ താത്തെ ഇനി ബ്ലാസ്റ്റേഴ്‌സ് ജേഴ്സിയിൽ കാണില്ല. 2014-ലെ ഐഎസ്എല്ലിൽ എമേർജിങ് പ്ലയെർ അവാർഡ് നേടിയാണ് ജിങ്കന്റെ ജൈത്രയാത്ര ആരംഭിക്കുന്നത്. പിന്നീട് താരം മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ക്ലബിനോടുള്ള ഇഷ്ടം കൊണ്ടും ആത്മാർത്ഥത കൊണ്ടും ചുരുങ്ങിയ കാലം കൊണ്ട് തന്നെ ജിങ്കൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഏറെ പ്രിയപ്പെട്ടവനാകുകയായിരുന്നു. കൊച്ചിയിലെ സ്റ്റേഡിയത്തിൽ താരത്തിന്റെ ചിത്രമുള്ള കൂറ്റൻ ബാനർ ഉയർത്തിയും താരത്തിന്റെ പേര് ചാന്റ് ചെയ്തും ആരാധകർ ഇഷ്ടം പ്രകടിപ്പിച്ചിരുന്നു. ക്ലബിന്റെ മുഖമുദ്രയും പോസ്റ്റർ ബോയിയുമായിരുന്ന താരമാണിപ്പോൾ ക്ലബ്‌ വിടുന്നത്.

താരത്തിനോടുള്ള ക്ലബിന്റെ സ്നേഹം വ്യക്തമാക്കുന്നതായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗികകുറിപ്പ്. താരത്തിന്റെ ഭാവിക്ക് എല്ലാ വിധ ആശംസകളും ക്ലബ്‌ നേർന്നിട്ടുണ്ട്. സന്ദേശ് ജിങ്കൻ എന്ന താരത്തെ വളർത്തി കൊണ്ടുവരുന്നതിലും ബ്ലാസ്റ്റേഴ്‌സ് അതിന്റെതായ പങ്കുവഹിച്ചിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിൽ തുടങ്ങിയ താരം പിന്നീട് ഇന്ത്യൻ പ്രതിരോധനിരയിലെ സ്ഥിരസാന്നിധ്യമായി. ഏതായാലും ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഒരുപിടി നല്ല ഓർമ്മകൾ സമ്മാനിച്ചാണ് ജിങ്കൻ പടിയിറങ്ങുന്നത്. ഐഎസ്എൽ കിരീടം ലഭിച്ചില്ലെങ്കിലും ജിങ്കനും ഒരുപിടി മറക്കാനാവാത്ത ഓർമ്മകൾ ബ്ലാസ്റ്റേഴ്‌സ് സമ്മാനിച്ചിട്ടുണ്ട്. ഇനി താരത്തിന്റെ പകരക്കാരനെ കണ്ടെത്തുക എന്നതാണ് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെ മുന്നിലുള്ള ദൗത്യം.

Leave a Reply

Your email address will not be published. Required fields are marked *