മെസ്സിയെ ബ്രസീൽ ഭയക്കണോ? കണക്കുകൾ ഇങ്ങനെ!

ലോകം കണ്ണിലെണ്ണയൊഴിച്ച് കാത്തിരിക്കുന്ന പോരാട്ടമാണ് ഈ കോപ്പ അമേരിക്കയിലെ ഫൈനലിൽ അരങ്ങേറാൻ പോവുന്നത്. ഫുട്ബോൾ ലോകത്തെ എക്കാലത്തെയും മികച്ച ചിരവൈരികളിലൊന്നായ അർജന്റീനയും ബ്രസീലുമാണ് കോപ്പയുടെ ഫൈനലിൽ ഏറ്റുമുട്ടുന്നത്. അപ്രവചനീയമായ ഈ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ഫുട്ബോൾ ലോകം ഒന്നടങ്കം..

അർജന്റീനയുടെ കുതിപ്പിന് പിന്നിലുള്ള ശക്തികേന്ദ്രം അത്‌ സൂപ്പർ താരം ലയണൽ മെസ്സിയാണ്. നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും മെസ്സി ഇതിനോടകം തന്നെ കുറിച്ചു കഴിഞ്ഞിട്ടുണ്ട്. ഇനി ബ്രസീലിനെതിരെയുള്ള മത്സരത്തിലും അർജന്റീനയുടെ പ്രതീക്ഷകൾ മെസ്സിയുടെ ബൂട്ടിൽ തന്നെയാണ്. അത്കൊണ്ട് തന്നെ മെസ്സിയുടെ ബ്രസീലിനെതിരെയുള്ള മുൻകാല പ്രകടനം ഒന്ന് പരിശോധിക്കാം.

ഇതുവരെ പതിനൊന്ന് തവണയാണ് മെസ്സി ബ്രസീലിനെതിരെ കളിച്ചിട്ടുള്ളത്. ഇതിൽ ആറ് തവണയും അർജന്റീന പരാജയപ്പെട്ടിട്ടുണ്ട്. നാല് തവണ വിജയിക്കാൻ സാധിച്ചപ്പോൾ ഒരു തവണ സമനിലയാവുകയായിരുന്നു.

ഇനി മെസ്സിയുടെ വ്യക്തിഗത പ്രകടനമൊന്ന് പരിശോധിക്കാം.2006-ലെ സൗഹൃദമത്സരത്തിലാണ് മെസ്സി ആദ്യമായി ബ്രസീലിനെതിരെ കളിക്കുന്നത്. പക്ഷേ ആ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്റീന പരാജയപ്പെടുകയായിരുന്നു.

പിന്നീട് മെസ്സി ബ്രസീലിനെതിരെ കളിച്ചത് 2007-ലെ കോപ്പ അമേരിക്ക ഫൈനലിൽ ആയിരുന്നു. അന്നും മെസ്സിക്ക് തലകുനിച്ച് മടങ്ങനായിരുന്നു വിധി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്തു കൊണ്ടാണ് ബ്രസീൽ ആ കോപ്പ കിരീടം ചൂടിയത്.

അതിന് ശേഷം 2010 വേൾഡ് കപ്പ് യോഗ്യത മത്സരത്തിലാണ് ബ്രസീലും അർജന്റീനയും ഏറ്റു മുട്ടുന്നത്. ആ മത്സരത്തിലും മെസ്സി ഇറങ്ങിയിരുന്നുവെങ്കിലും മത്സരം ഗോൾ രഹിത സമനിലയിൽ കലാശിക്കുകയായിരുന്നു.

അതിന്റെ സെക്കന്റ്‌ ലെഗ് മത്സരത്തിലും മെസ്സി ബ്രസീലിനെതിരെ കളിച്ചു. പക്ഷേ തോൽവി തന്നെയായിരുന്നു ഫലം.ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അർജന്റീന ബ്രസീലിനോട് പരാജയപ്പെട്ടത്.

ബ്രസീലിനെതിരെയുള്ള തന്റെ അഞ്ചാമത്തെ മത്സരത്തിലാണ് മെസ്സി ആദ്യമായി വല കുലുക്കുന്നത്. ഖത്തറിൽ വെച്ച് നടന്ന സൗഹൃദമത്സരത്തിൽ മെസ്സിയുടെ ഗോളിന്റെ ബലത്തിലാണ് എതിരില്ലാത്ത ഒരു ഗോളിന് അർജന്റീന ബ്രസീലിനെ കീഴടക്കിയത്.

മെസ്സിയുടെ ബ്രസീലിനെതിരെയുള്ള ഏറ്റവും മികച്ച മത്സരം 2012-ൽ നടന്ന സൗഹൃദമത്സരമാണ്. തന്റെ ആറാമത്തെ ബ്രസീലിനെതിരെയുള്ള മത്സരത്തിൽ മെസ്സി ഹാട്രിക് നേടി. മത്സരത്തിൽ 4-3 എന്ന സ്കോറിന് അർജന്റീന ബ്രസീലിനെ കീഴടക്കി.

2014-ലാണ് മെസ്സി തന്റെ ബ്രസീലിനെതിരെയുള്ള ഏഴാമത്തെ മത്സരം കളിക്കുന്നത്.മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് അർജന്റീന പരാജയപ്പെട്ടു.മെസ്സി 90 മിനുട്ട് കളിച്ചെങ്കിലും ഇമ്പാക്ട് ഒന്നും ഉണ്ടാക്കാൻ സാധിച്ചില്ല.

2018 വേൾഡ് കപ്പ് യോഗ്യത മത്സരത്തിലാണ് മെസ്സി ബ്രസീലിനെതിരെ തന്റെ എട്ടാമത്തെ മത്സരം കളിക്കുന്നത്.ഈ മത്സരത്തിലും പരാജയപ്പെടാനായിരുന്നു അർജന്റീനയുടെ വിധി.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ടിറ്റെയുടെ ബ്രസീൽ അർജന്റീനയെ തകർത്തു വിട്ടത്.

പിന്നീട് തന്റെ ഒമ്പതാമത്തെ മത്സരത്തിൽ വിജയം ആഘോഷിക്കാൻ അർജന്റീനക്കും മെസ്സിക്കും സാധിച്ചു. എതിരില്ലാത്ത ഒരു ഗോളിനാണ് ഓസ്ട്രേലിയയിൽ വെച്ച് നടന്ന സൗഹൃദമത്സരത്തിൽ അർജന്റീന ബ്രസീലിനെ പരാജയപ്പെടുത്തിയത്.

പിന്നീട് കോപ്പ അമേരിക്കയുടെ സെമി ഫൈനലിലാണ് മെസ്സി ബ്രസീലിനെ നേരിടുന്നത്. തന്റെ പത്താമത്തെ മത്സരത്തിലും അർജന്റീന ബ്രസീലിനോട് പരാജയപ്പെട്ടു. കോപ്പയിൽ നിന്നും അർജന്റീന പുറത്തായി.

അതിന് ശേഷം സൗദി അറേബ്യയിൽ വെച്ച് നടന്ന മത്സരത്തിലാണ് മെസ്സി അവസാനമായി ബ്രസീലിനെ നേരിട്ടിട്ടുള്ളത്.അന്ന് പെനാൽറ്റിയിലൂടെ അർജന്റീനയുടെ വിജയഗോൾ നേടിയത് മെസ്സിയായിരുന്നു. ബ്രസീലിനെതിരെയുള്ള അഞ്ചാമത്തെ ഗോളായിരുന്നു അത്‌. ഇനി മാരക്കാനയിൽ വെച്ച് നടക്കുന്ന ഫൈനലിൽ ഗോൾ നേടാൻ സാധിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *