മെസ്സിക്ക് ബാഴ്‌സയെയും ബാഴ്‌സക്ക് മെസ്സിയെയും ആവിശ്യമുണ്ട് : സാവി!

സൂപ്പർ താരം ലയണൽ മെസ്സിയുടെ എഫ്സി ബാഴ്സലോണയുമായുള്ള കരാർ കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. യഥാർത്ഥത്തിൽ മെസ്സിയിപ്പോൾ ബാഴ്‌സ താരമല്ല. മെസ്സി ബാഴ്സയുമായി പുതിയ കരാറിൽ ഒപ്പ് വെക്കുമെന്ന് തന്നെയാണ് ഫുട്ബോൾ ലോകം ഇപ്പോൾ പ്രതീക്ഷിക്കുന്നത്. ഇതേ പ്രതീക്ഷ തന്നെയാണ് മുൻ ബാഴ്സ ഇതിഹാസവും മെസ്സിയുടെ സഹതാരവുമായിരുന്ന സാവിയും വെച്ച് പുലർത്തുന്നത്. മെസ്സിക്ക് ബാഴ്‌സയെയും ബാഴ്സക്ക് മെസ്സിയെയും ആവിശ്യമുണ്ടെന്നും മെസ്സി കരാർ പുതുക്കുമെന്നാണ് താൻ വിശ്വസിക്കുന്നതെന്നുമാണ് സാവി പറഞ്ഞിട്ടുള്ളത്.കഴിഞ്ഞ ദിവസം മൂവിസ്റ്റാറിന്റെ ഒരു പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

” മെസ്സിയുടെ കരാറിന്റെ സാഹചര്യങ്ങൾ ഏത് രൂപത്തിലാണ് മുന്നോട്ട് പോവുന്നത് എന്നുള്ളത് കാത്തിരുന്നു കാണാം.മെസ്സി ബാഴ്സയിൽ സന്തോഷവാനാണ് എന്നാണ് ഞാൻ കരുതുന്നത്.അദ്ദേഹം കരാർ പുതുക്കുന്നതിലേക്ക് തന്നെയാണ് കാര്യങ്ങൾ നീങ്ങി കൊണ്ടിരിക്കുന്നത്.തീർച്ചയായും മെസ്സി അത്‌ അർഹിക്കുന്നുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.ബാഴ്സക്ക് മെസ്സിയെ ആവിശ്യമുണ്ട്, മെസ്സിക്ക് ബാഴ്സയെയും ആവിശ്യമുണ്ട്.അത്‌ കുറച്ചു ദിവസത്തിനുള്ളിൽ തന്നെ സംഭവിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.മെസ്സി ബാഴ്സയിൽ ഹാപ്പി തന്നെയാണ്.അത്കൊണ്ട് അദ്ദേഹം ബാഴ്സയുമായി പുതിയ കരാറിൽ ഏർപ്പെടുമെന്ന കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല ” സാവി പറഞ്ഞു.

അതേസമയം ബാഴ്‌സയുടെയും സ്പെയിനിന്റെയും യുവസൂപ്പർ താരം പെഡ്രിയെ കുറിച്ചും സാവി തന്റെ അഭിപ്രായം രേഖപ്പെടുത്തിയിട്ടുണ്ട്. ” അദ്ദേഹം എന്നെ അത്ഭുതപ്പെടുത്തി. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ പ്രായമാണ് എന്നെ ആശ്ചര്യപ്പെടുത്തുന്നത്. കേവലം പതിനെട്ടു വയസ്സേയൊള്ളൂ അദ്ദേഹത്തിന്.അദ്ദേഹമൊരു പ്രതിഭയാണ് എന്നുള്ളത് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.വളരെയധികം ഇന്റലിജന്റായ താരമാണ് പെഡ്രി.ഒരുപാട് ക്വാളിറ്റിയും വിഷനും അദ്ദേഹത്തിനുണ്ട്.ഒരു ടാലന്റഡായ താരമാണ് അദ്ദേഹം. അദ്ദേഹത്തെ ഇനി ഒരുപാട് ആവിശ്യം വരും ” സാവി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *