അന്നേ പറഞ്ഞു കോപ്പ ബ്രസീലിൽ നടത്തരുതെന്ന് : ടിറ്റെ!

കോപ്പ അമേരിക്ക ആരംഭിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വീണ്ടും വിമർശനവുമായി ബ്രസീലിയൻ പരിശീലകൻ ടിറ്റെ. കോപ്പ അമേരിക്ക ബ്രസീലിൽ വെച്ച് നടത്തരുതെന്ന് മുമ്പ് തന്നെ തങ്ങൾ അഭ്യർത്ഥിച്ചിരുന്നു എന്നാണ് ടിറ്റെ അറിയിച്ചത്.ഇപ്പോൾ സാഹചര്യം കൂടുതൽ സങ്കീർണമാണെന്നും എന്നിരുന്നാലും ഞങ്ങളുടെ രാജ്യത്തെ കുറിച്ചും അതിനെ പ്രതിനിധീകരിക്കുന്നതിലും തങ്ങൾ അഭിമാനം കൊള്ളുന്നു എന്നുമാണ് ടിറ്റെ അറിയിച്ചത്. തനിക്ക് രാഷ്ട്രീയമില്ലെന്നും എന്നാൽ പലരും തന്നെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിച്ചെന്നും ടിറ്റെ ആരോപിച്ചു. വെനിസ്വേലക്കെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

” ബ്രസീലിൽ വെച്ച് നടത്താൻ തീരുമാനിക്കുന്നതിന് മുമ്പ് തന്നെ ഞങ്ങൾ സിബിഎഫ് പ്രസിഡന്റിനോട്‌ അഭ്യർത്ഥിച്ചിരുന്നു ബ്രസീലിൽ വെച്ച് നടത്തരുതെന്ന്. ഞാനും താരങ്ങളും ജൂനിഞ്ഞോയുമെല്ലാം ആവിശ്യപ്പെട്ടു. പക്ഷേ അവരത് ചെവികൊണ്ടില്ല.ഞങ്ങൾ ഒരിക്കലും ഇഷ്ടപ്പെടാത്ത ഒരു സങ്കീർണമായ സാഹചര്യത്തിലേക്കാണ് അവർ ഞങ്ങളെ കൊണ്ടെത്തിച്ചിരിക്കുന്നത്.ഈ രാജ്യത്തെ അവസ്ഥ ഞങ്ങൾക്ക് നന്നായി അറിയുന്നത് കൊണ്ടാണ് ഞങ്ങൾ ഒരുമിച്ച് നിന്ന് കൊണ്ട് അതിനെ എതിർത്തത്.എന്നിരുന്നാലും ഈ രാജ്യത്തെ കുറിച്ച് ഞങ്ങൾക്ക് അഭിമാനമേയൊള്ളൂ.ഈ രാജ്യത്തെ പ്രതിനിധീകരിക്കുന്നതിലും ഞാൻ അതിന്റെ പരിശീലകൻ ആയതിലും അഭിമാനം കൊള്ളുന്നു.എനിക്ക് രാഷ്ട്രീയമൊന്നുമില്ല. ഞാൻ വോട്ട് ചെയ്യുന്നത് ജനങ്ങൾക്കാണ്, അല്ലാതെ രാഷ്ട്രീയപാർട്ടികൾക്കല്ല.പക്ഷേ ഈയൊരു സാഹചര്യത്തിൽ അവർ എന്നെ രാഷ്ട്രീയവൽക്കരിച്ചു.ഞാൻ സിബിഎഫിനേയും കോൺമെബോളിനെയും വിമർശിച്ചത് രാഷ്ട്രീയലക്ഷ്യങ്ങൾ കൊണ്ടായിരുന്നില്ല. എന്തൊക്കെയായാലും വിജയങ്ങളും കിരീടവും തന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. അതാണ് ഞാൻ താരങ്ങളോട് ഡിമാൻഡ് ചെയ്തിരിക്കുന്നതും ” ടിറ്റെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *