മോഡലുമായി വഴക്ക്, ബ്രേക്ഡൗൺ ലംഘിച്ചതിന് ചെൽസി താരം അറസ്റ്റിൽ

ചെൽസിയുടെ യുവസൂപ്പർ താരം ഹഡ്‌സൺ ഒഡോയി അറസ്റ്റിലായതായി റിപ്പോർട്ടുകൾ. ഇംഗ്ലീഷ് മാധ്യമമായ ദി സൺ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തത്. ബ്രേക്ക്‌ഡൌൺ ലംഘിച്ച് മോഡലുമായി വീട്ടിൽ പാർട്ടി നടത്തുകയും ഒടുവിൽ വഴക്കാവുകയും ചെയ്തതോടെയാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. അവശനിലയിലായ സ്ത്രീയെ പോലീസ് ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചതായും റിപ്പോർട്ടുകൾ പറയുന്നുണ്ട്.

സംഭവത്തെ കുറിച്ച് റിപ്പോർട്ടുകൾ പറയുന്നതിങ്ങനെ : പത്തൊൻപതുകാരനായ താരം ശനിയാഴ്ച്ചയാണ് ഈ മോഡലിനെ സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്നത്. തുടർന്നാണ് താരം മോഡലിനെ തന്റെ വീട്ടിലേക്ക് ക്ഷണിക്കുന്നത്. ശനിയാഴ്ച്ച രാത്രി സ്ത്രീ ഹഡ്‌സൺ താമസിക്കുന്ന വീട്ടിലെത്തുകയായിരുന്നു. ചെറിയ വസ്ത്രങ്ങളാണ് സ്ത്രീ ധരിച്ചിരുന്നതെന്ന് അയൽവാസികൾ സാക്ഷ്യപ്പെടുത്തിട്ടുണ്ട്. തുടർന്ന് ഇരുവരും ചേർന്നു വീട്ടിൽ പാർട്ടി നടത്തുകയായിരുന്നു. എന്നാൽ പിന്നീട് തിങ്കളാഴ്ച്ച പുലർച്ചയോടെ ഇരുവരും തമ്മിൽ വഴക്കാകുകയായിരുന്നു. ഇതോടെ ഈ സ്ത്രീ തന്നെ വിളിച്ചത് പ്രകാരം പോലീസ് സ്ഥലത്തെത്തുകയും താരത്തെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അവശനിലയിൽ കണ്ടെത്തിയ സ്ത്രീയെ ആംബുലൻസിൽ ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു.

കഴിഞ്ഞ മാർച്ചിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച താരമാണ് ഹഡ്‌സൺ ഒഡോയ്. താരത്തിന് വീട്ടിൽ തനിച്ച്‌ കഴിയാൻ കർശനനിർദ്ദേശമുണ്ടായിരിക്കെയാണ് താരം അത് ലംഘിച്ചത്. താരത്തിന് മേൽ എന്ത് നടപടിയെടുക്കും എന്നൊന്നും വ്യക്തമല്ല. കുറച്ചു ദിവസങ്ങൾക്ക് മുൻപ് മാഞ്ചസ്റ്റർ സിറ്റി താരം കെയ്ൽ വാൾക്കർ സമാനസംഭവത്തിന് അച്ചടക്കനടപടി നേരിട്ടിരുന്നു. ബ്രേക്ക്‌ഡൌൺ ലംഘിച്ച് താരം രണ്ട് വേശ്യകളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സംഭവംപുറംലോകമറിഞ്ഞതോടെ താരം മാപ്പ് പറഞ്ഞു. മാഞ്ചസ്റ്റർ സിറ്റി താരത്തിന് നേരെ അച്ചടക്കനടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *