ഡീപേയോട് ബാഴ്സയെക്കുറിച്ച് സംസാരിച്ചിരുന്നു, പക്ഷേ…: ഡി ജോംഗ്
ഈ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണ ടീമിലെത്തിക്കാൻ ശ്രമിക്കുന്ന താരമാണ് മെംഫിസ് ഡീപേ. ഫ്രീ ഏജന്റായി കൊണ്ട് താരം ടീം വിടുമെന്നുറപ്പായെങ്കിലും എങ്ങോട്ട് ചേക്കേറുമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. ബാഴ്സയാണ് താരത്തിന് വേണ്ടി സജീവമായി രംഗത്തുണ്ടായിരുന്നതെങ്കിലും ഇപ്പോൾ ബാഴ്സക്ക് വെല്ലുവിളി ഉയർത്തി കൊണ്ട് പിഎസ്ജിയും യുവന്റസും രംഗത്തുണ്ട്. അത്കൊണ്ട് തന്നെ വൈനാൾഡത്തിന്റെ കാര്യത്തിൽ സംഭവിച്ച പിഴവ് ആവർത്തിക്കാതിരിക്കാൻ ബാഴ്സ ഒരല്പം കൂടി ശ്രദ്ധാലുവാണ്. ഇപ്പോഴിതാ ഇതേകുറിച്ച് താൻ ഡീപേയോട് സംസാരിച്ചു കഴിഞ്ഞു എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫ്രങ്കി ഡിജോങ്. ബാഴ്സയെ കുറിച്ച് താൻ ഡീപേയോട് സംസാരിച്ചുവെന്നും പക്ഷേ തീരുമാനമെടുക്കേണ്ടത് അദ്ദേഹം മാത്രമാണ് എന്നുമാണ് ഡിജോങ് പറഞ്ഞത്. ബാഴ്സ താരമായ ഡിജോങിന്റെ നെതർലാന്റ്സിലെ സഹതാരമാണ് ഡീപേ.
De Jong: I speak with Memphis Depay about Barça but it's his decision https://t.co/Dd7yn91AI6
— SPORT English (@Sport_EN) June 11, 2021
” ഡീപേയുടെ കാര്യത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാത്തിരുന്നു കാണാം.തീർച്ചയായും ഞങ്ങൾ തമ്മിൽ ബാഴ്സയെ പറ്റി സംസാരിച്ചിരുന്നു.പക്ഷേ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് അദ്ദേഹം ഒറ്റക്കാണ് ” സ്പോർട്ടിന്റെ ചോദ്യത്തിന് മറുപടിയായി ഡിജോങ് പറഞ്ഞു. നിലവിൽ യൂറോ കപ്പിന് വേണ്ടിയുള്ള ഒരുക്കത്തിലാണ് ഇരുവരും. അതേസമയം പിഎസ്ജിയായിരിക്കും ബാഴ്സക്ക് വൻ വെല്ലുവിളി സൃഷ്ടിക്കുക. അതേസമയം ബാഴ്സയിൽ കളിക്കണമെന്നുള്ള ആഗ്രഹം മുമ്പ് തന്നെ ഡീപേ പ്രകടിപ്പിച്ചിരുന്നു.