എംബപ്പേയെ ആരും സ്വപ്നം കാണണ്ട, നിലപാട് വ്യക്തമാക്കി പിഎസ്ജി പ്രസിഡന്റ്‌!

പിഎസ്ജിയുടെ സൂപ്പർ താരം കിലിയൻ എംബപ്പേ ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജി വിടുമെന്നുള്ള റൂമറുകൾ സജീവമായിരുന്നു. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിന്റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്നാണ് എംബപ്പേ എന്നുള്ളത് പരസ്യമായ രഹസ്യമാണ്. എന്നാൽ റയലിന്റെ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിച്ചു കൊണ്ടുള്ള ഒരു പ്രസ്താവനയാണ് കഴിഞ്ഞ ദിവസം പിഎസ്ജി പ്രസിഡന്റ്‌ നാസർ അൽ ഖലീഫി നടത്തിയത്. എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരുമെന്നും അദ്ദേഹം ഫ്രീ ഏജന്റായി കൊണ്ട് ക്ലബ് വിടുകയുമില്ലെന്നുമാണ് ഖലീഫി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം എൽ എക്യുപ്പെയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” ഞാൻ കാര്യം വ്യക്തമാക്കി തരാം.എംബപ്പേ പിഎസ്ജിയിൽ തന്നെ തുടരാനാണ് പോവുന്നത്.ഞങ്ങൾ ഒരിക്കലും അദ്ദേഹത്തെ വിൽക്കാൻ പോവുന്നില്ല.അദ്ദേഹം ഒരിക്കലും ഫ്രീ ഏജന്റ് ആയി കൊണ്ട് ടീം വിടുകയും ഇല്ല. എംബപ്പേക്ക് എന്താണോ ആവിശ്യം അതെല്ലാം അദ്ദേഹത്തിന് പിഎസ്ജിയിൽ നിന്നും ലഭിക്കുന്നുണ്ട്.അല്ലാതെ ഏത് ക്ലബ്ബിലേക്ക് അദ്ദേഹം പോവേണ്ടത്..? അംബീഷന്റെ കാര്യത്തിൽ പിഎസ്ജിയോട് കോമ്പെറ്റ് ചെയ്യാൻ പറ്റുന്ന ഏത് ക്ലബ് ഇന്ന് നിലവിൽ ഉണ്ട്..? എനിക്കിപ്പോൾ ആകെ പറയാനുള്ളത് എല്ലാ കാര്യങ്ങളും നല്ല രൂപത്തിലാണ് മുന്നോട്ട് പോകുന്നത്. ഞങ്ങൾക്ക് ഉടനെ തന്നെ ഒരു കരാറിൽ എത്തിച്ചേരാൻ കഴിയുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഇത്‌ അദ്ദേഹത്തിന്റെ രാജ്യമാണ്.അദ്ദേഹത്തിന് ഒരു മിഷനുണ്ട്. അത് ഫുട്ബോൾ കളിക്കുക എന്നുള്ളത് മാത്രമല്ല. അദ്ദേഹത്തിന്റെ രാജ്യത്തെയും രാജ്യതലസ്ഥാനത്തെയും പ്രമോട്ട് ചെയ്യുക എന്നത് കൂടിയാണ് ” നാസർ അൽ ഖലീഫി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *