ടിറ്റെയെ നീക്കി ആ പരിശീലകനെ കൊണ്ടു വരുമെന്ന് സിബിഎഫ് പ്രസിഡന്റ്‌ ഉറപ്പ് നൽകിയതായി വെളിപ്പെടുത്തൽ!

ഇന്നലെയായിരുന്നു സിബിഎഫ് പ്രസിഡന്റായ റോജേറിയോ കാബോക്ലോയെ സിബിഎഫ് എത്തിക്സ് കമ്മറ്റി തൽസ്ഥാനത്ത്‌ നിന്നും 30 ദിവസത്തേക്ക് നീക്കം ചെയ്തത്. സിബിഎഫും ബ്രസീലിയൻ ഫുട്ബോളും പ്രതിസന്ധിയിലൂടെ കടന്നു പോയികൊണ്ടിരിക്കുന്ന സമയത്താണ് പ്രസിഡന്റിന് തന്റെ സ്ഥാനം നഷ്ടമാവുന്നത്. എന്നാൽ മറ്റൊരു വെളിപ്പടുത്തലാണ് ഇപ്പോൾ പുറത്തേക്ക് വന്നു കൊണ്ടിരിക്കുന്നത്. ടിറ്റെയെ ബ്രസീലിന്റെ പരിശീലകസ്ഥാനത്ത്‌ നിന്നും നീക്കം ചെയ്ത് പകരം റെനാറ്റോ ഗൗച്ചോയെ നിയമിക്കുമെന്ന് സിബിഎഫ് പ്രസിഡന്റ്‌ ആയിരുന്ന കാബോക്ലോ ബ്രസീലിയൻ ഗവണ്മെന്റിന് ഉറപ്പ് നൽകിയിരുന്നു എന്നാണ് വെളിപ്പെടുത്തൽ.ആന്ദ്രേ റിസെക്കിനെ ഉദ്ധരിച്ചു കൊണ്ട് ഗ്ലോബോയാണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ബ്രസീലിയൻ പ്രസിഡന്റ്‌ ആയ ബോൾസൊനാരോക്കാണ് സിബിഎഫ് പ്രസിഡന്റ്‌ ഈ ഉറപ്പ് നൽകിയിരുന്നത്.

കോപ്പ അമേരിക്കക്ക് മുന്നേ ടിറ്റെയെ നീക്കി റെനാറ്റോയെ നിയമിക്കാനായിരുന്നു കാബോക്ലോയുടെ പദ്ധതി. എന്നാൽ തന്റെ സ്ഥാനം തെറിച്ചതോടെ അദ്ദേഹത്തിന് ഇനിയിത് നടപ്പാക്കാൻ സാധിക്കില്ല. കോപ്പയിൽ പങ്കെടുക്കാനുള്ള വിസ്സമ്മതം അറിയിച്ചതോടെയാണ് ബ്രസീലിയൻ ഗവണ്മെന്റും സിബിഎഫും ടിറ്റെക്കെതിരെ തിരിഞ്ഞത്. ബ്രസീലിലെ പ്രതിപക്ഷ പാർട്ടികൾ ടിറ്റെക്ക് പിന്തുണ പ്രഖ്യാപിച്ചതും ബ്രസീൽ ഗവണ്മെന്റിനെ ചൊടിപ്പിച്ചു. ഇക്കാരണത്താലാണ് ടിറ്റെയെ നീക്കം ചെയ്യാൻ അണിയറയിൽ ഒരുക്കങ്ങൾ നടന്നത്. റെനാറ്റോ ഗൗച്ചോയാവട്ടെ ഗവണ്മെന്റിനെ പിന്തുണക്കുന്ന ഒരാളുമാണ്. ബ്രസീൽ കോപ്പ അമേരിക്കയിൽ പങ്കെടുത്ത് നെയ്മറുടെ നേതൃത്വത്തിൽ മാരക്കാനയിൽ കിരീടം ചൂടിയാൽ നിലവിലെ ചൂടുപിടിച്ച സാഹചര്യങ്ങൾ ഒന്ന് തണുക്കുമെന്ന പ്രതീക്ഷയിലായിരുന്നു പ്രസിഡന്റ്.പക്ഷേ താരങ്ങളുടെ പരിശീലകന്റെയും ഈ വിയോജിപ്പുകൾ പ്രസിഡന്റിന് ഇരട്ട തലവേദന സൃഷ്ടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *