അർജന്റൈൻ താരത്തെ മിലാനിലേക്ക് ക്ഷണിച്ച് സ്ലാട്ടൻ!

വർഷങ്ങൾക്ക് ശേഷമാണ് എസി മിലാൻ യുവേഫ ചാമ്പ്യൻസ് ലീഗിലേക്ക് യോഗ്യത നേടുന്നത്. ഈ സിരി എയിൽ മികച്ച പ്രകടനം കാഴ്ച്ചവെക്കാൻ എസി മിലാന് കഴിഞ്ഞിരുന്നു. അത്‌ കൊണ്ട് തന്നെ ടീമിനെ ശക്തിപ്പെടുത്താനുള്ള ഒരുക്കത്തിലാണ് നിലവിൽ മിലാൻ ഉള്ളത്. ലോണിൽ കളിക്കുന്ന ഫികയോ ടോമോരിയെ നിലനിർത്തുക, ചെൽസി താരം ഒലിവർ ജിറൂദ്, ഉഡിനസ് താരം റോഡ്രിഗോ ഡി പോൾ എന്നിവരെ ടീമിലെത്തിക്കുക എന്നതൊക്കെയാണ് നിലവിൽ എസി മിലാന്റെ ലക്ഷ്യം. ഫ്രഞ്ച് സ്‌ട്രൈക്കർ ജിറൂദ് മിലാനിൽ എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ വളരെ സജീവമാണ്. രണ്ട് വർഷത്തെ കരാറിൽ മിലാനുമായോ ജിറൂദ് ഒപ്പ് വെക്കുമെന്ന് ചില മാധ്യമങ്ങൾ സൂചിപ്പിച്ച് കഴിഞ്ഞു. എന്നാൽ ഈ അവസരത്തിൽ മറ്റൊരു സ്‌ട്രൈക്കറെ ടീമിലേക്ക് ക്ഷണിച്ചിരിക്കുകയാണ് എസി മിലാന്റെ സൂപ്പർ താരം സ്ലാട്ടൻ ഇബ്രാഹിമോവിച്ച്.

പിഎസ്ജിയുടെ അർജന്റൈൻ സ്‌ട്രൈക്കർ മൗറോ ഇക്കാർഡിയെയാണ് സ്ലാട്ടൻ ടീമിലേക്ക് ക്ഷണിച്ചിരിക്കുന്നത്.നിലവിൽ പിഎസ്ജിയുടെ താരമായ ഇകാർഡിക്ക് വേണ്ട വിധത്തിലുള്ള അവസരങ്ങൾ ലഭിക്കാറില്ല. കേവലം 28 മത്സരങ്ങൾ മാത്രമേ താരം ഈ സീസണിൽ കളിച്ചിട്ടൊള്ളൂ.13 ഗോളുകളും താരം നേടിയിട്ടുണ്ട്. അതിനാൽ തന്നെ ഇകാർഡി പിഎസ്ജിയിൽ അസന്തുഷ്ടനാണെന്ന വാർത്തകൾ പുറത്തേക്ക് വരുന്നതിനിടെയാണ് സ്ലാട്ടൻ താരത്തെ മിലാനിലേക്ക് ക്ഷണിച്ചത്. മാത്രമല്ല താരത്തെ സൈൻ ചെയ്യാൻ വേണ്ടി ശ്രമിക്കണമെന്ന് സ്ലാട്ടൻ മിലാൻ അധികൃതരോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ 2024 വരെ കരാറുള്ള ഇകാർഡി ടീം വിടാനുള്ള സാധ്യതകൾ കുറവാണ്.”ടീമിനെ സഹായിക്കാൻ വേണ്ടി ക്ലബ്ബിൽ എത്തുന്ന എല്ലാ താരങ്ങളെയും ഞാൻ എപ്പോഴും പിന്തുണക്കും. ക്ലബാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ” സ്ലാട്ടൻ പറഞ്ഞു. സ്ലാട്ടനും മിലാനുമായുള്ള കരാർ പുതുക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *