പെപ് ഗ്വാർഡിയോള നഷ്ടപ്പെടുത്തിയത് സിദാനൊപ്പമെത്താനുള്ള സുവർണ്ണാവസരം!

മാഞ്ചസ്റ്റർ സിറ്റിക്ക് കന്നി ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാനുള്ള അവസരമായിരുന്നു ഇന്നലെ പെപ് ഗ്വാർഡിയോളക്ക് നഷ്ടമായത്. ഫൈനൽ വരെ സമ്പൂർണ്ണാധിപത്യം പുലർത്തി പോന്ന പെപ്പിന്റെ സിറ്റിക്ക് ചെൽസിയെ മറികടക്കാനായില്ല. ഫലമോ ചാമ്പ്യൻസ് ലീഗ് കിരീടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് നീണ്ടു. എന്നാൽ മറ്റൊരു നേട്ടം കൂടി കരസ്ഥമാക്കാനുള്ള അവസരമാണ് പെപ് ഇന്നലെ നഷ്ടപ്പെടുത്തിയത്. ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയ പരിശീലകർക്കൊപ്പമെത്താനുള്ള അവസരമാണ് പെപ് ഗ്വാർഡിയോളക്ക് ഇന്നലെ നഷ്ടമായത്. രണ്ട് ചാമ്പ്യൻസ് ലീഗുകൾ സ്വന്തമാക്കിയ പെപ്പിന് മൂന്നാമത്തേത് സ്വന്തമാക്കണമെങ്കിൽ ഇനിയും കാത്തിരിക്കണം.

ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് നേടിയ പരിശീലകൻ എന്ന ഖ്യാതി നിലവിൽ മൂന്ന് പരിശീലകർ പങ്കിടുകയാണ്.സിനദിൻ സിദാൻ,കാർലോ ആഞ്ചലോട്ടി, ബോബ് പൈസ്ലി എന്നിവരാണ് ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കിയിട്ടുള്ളത്. മൂന്ന് തവണയാണ് ഈ മൂവരും ചാമ്പ്യൻസ് ലീഗിൽ മുത്തമിട്ടിട്ടുള്ളത്.1977,78,81 എന്നീ വർഷങ്ങളിൽ ലിവർപൂളിനൊപ്പമാണ് പൈസ്ലീ ചാമ്പ്യൻസ് ലീഗ് (യൂറോപ്യൻ കപ്പ് )നേടിയിട്ടുള്ളത്. കാർലോ ആഞ്ചലോട്ടി 2003 -ലും 2007-ലും എസി മിലാന് ചാമ്പ്യൻസ് ലീഗ് നേടികൊടുത്തു. കൂടാതെ 2014-ൽ റയൽ ചാമ്പ്യൻസ് ലീഗ് നേടുമ്പോൾ പരിശീലകൻ ആഞ്ചലോട്ടിയായിരുന്നു. സിദാനാവട്ടെ റയലിന് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നേടികൊടുക്കുകയായിരുന്നു.2016,2017,2018 എന്നീ വർഷങ്ങളിലാണ് റയൽ ചാമ്പ്യൻസ് ലീഗ് സിദാന് കീഴിൽ നേടിയത്.ഇവർക്കൊപ്പമെത്താനുള്ള അവസരമാണ് പെപിന് നഷ്ടമായത്.

Leave a Reply

Your email address will not be published. Required fields are marked *