സിറ്റിക്ക് കാത്തിരിക്കാം, ചാമ്പ്യൻസ് ലീഗ് കിരീടം ചൂടി ചെൽസി!

ഈ സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം ചെൽസി സ്വന്തമാക്കി. ഇന്നലെ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി കൊണ്ടാണ് ചെൽസി തങ്ങളുടെ രണ്ടാം ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിട്ടത്. കന്നി കിരീടം ലക്ഷ്യം വെച്ചിറങ്ങിയ മാഞ്ചസ്റ്റർ സിറ്റിക്ക് കണ്ണീരോടെ മടങ്ങാനായിരുന്നു വിധി.ഈ സീസണിൽ ടീമിലെത്തിയ ഹാവേർട്സാണ് ബ്ലൂസിന്റെ വിജയഗോൾ നേടിയത്. പരിശീലകനായി എത്തിയിട്ട് ആറു മാസം പൂർത്തിയാവുന്നതിന് മുന്നേ തന്നെ ചാമ്പ്യൻസ് ലീഗ് നേടിക്കൊണ്ട് ടുഷേൽ ചരിത്രം കുറിച്ചു.

ഫെർണാണ്ടിഞ്ഞോ, റോഡ്രി എന്നിവർ ഇടം നൽകാതെയാണ് പെപ് ആദ്യഇലവൻ പുറത്ത് വിട്ടത്. സ്റ്റെർലിംഗിനെ ആദ്യഇലവനിൽ കളിപ്പിക്കുകയും ചെയ്തു. മറുഭാഗത്ത് വെർണറെ മുൻനിർത്തിയായിരുന്നു ചെൽസി ആക്രമണങ്ങൾ മെനഞ്ഞത്. മത്സരത്തിന്റെ തുടക്കത്തിൽ ഇരു ടീമുകളും ആക്രമിച്ച് കളിച്ചു. ഇരുടീമുകൾക്കും ഗോളവസരങ്ങൾ ലഭിച്ചിരുന്നുവെങ്കിലും അതൊന്നും മുതലെടുക്കാനായില്ല.എന്നാൽ 42-ആം മിനിറ്റിൽ മൗണ്ട് നീട്ടിനൽകിയ പന്ത് സ്വീകരിച്ച ഹാവേർട്സ് മുന്നോട്ട് കയറി വന്ന ഗോൾകീപ്പർ എഡേഴ്‌സണെയും നിഷ്പ്രഭനാക്കി കൊണ്ട് ഗോൾ നേടുകയായിരുന്നു. രണ്ടാം പകുതിയിൽ ഈ ഗോളിന് മറുപടി നൽകാനാണ് സിറ്റി ശ്രമിച്ചത്. എന്നാൽ ചെൽസി പ്രതിരോധം ഒരിഞ്ച് പോലും ഇളകാതെ നിലകൊണ്ടു.ജീസസിനെയും അഗ്വേറോയെയും പെപ് പരീക്ഷിച്ചെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ പെപിനും സംഘത്തിനും തലകുനിക്കേണ്ടി വന്നു.

Leave a Reply

Your email address will not be published. Required fields are marked *