പ്യാനിക്ക് ബാഴ്സയുമായി കരാറിലെത്തിയതായി അഭ്യൂഹങ്ങൾ
യുവന്റസിന്റെ മധ്യനിര താരം മിറാലെം പ്യാനിക്ക് സ്പാനിഷ് വമ്പൻമാരായ ബാഴ്സയുമായി അനൗദ്യോഗികകരാറിലെത്തിയതായി റിപ്പോർട്ടുകൾ. പ്രമുഖഇറ്റാലിയൻ മാധ്യമമായ ട്യൂട്ടോസ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വരുന്ന ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സയിൽ ചേരാൻ താരം സമ്മതം മൂളിയതായാണ് റിപ്പോർട്ടുകൾ പറയുന്നത്. നാല് വർഷത്തെ കരാറിലാണ് ബോസ്നിയൻ താരമായ പ്യാനിക്ക് ബാഴ്സയിൽ ഒപ്പുവെക്കുക. പക്ഷെ സ്വാപ് ഡീലിനെ കുറിച്ചുള്ള വിവരങ്ങൾ ഒന്നും തന്നെ ട്യൂട്ടോസ്പോർട്ട് പുറത്തുവിട്ടിട്ടില്ല.
ബാഴ്സയുടെ ബ്രസീലിയൻ മധ്യനിര താരം ആർതർ മെലോയേ യുവന്റസിന് കൈമാറി പ്യാനിക്കിനെ ക്യാമ്പ്നൗവിൽ എത്തിക്കുമെന്നായിരുന്നു ആദ്യം പുറത്തു വന്ന വാർത്തകൾ. എന്നാൽ ആർതർ ഇതിനോട് പ്രതികരിക്കുകയും ബാഴ്സ വിടാൻ താല്പര്യമില്ലെന്നും ബാഴ്സയിൽ സന്തോഷവാനാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. ഇതോടെ സ്വാപ് ഡീൽ നടന്നേക്കുമെന്നുള്ള അഭ്യൂഹങ്ങൾ കുറഞ്ഞിരുന്നു. അത്കൊണ്ട് തന്നെ സ്വാപ് ഡീലിനുള്ള സാധ്യത കുറവാണ്. പക്ഷെ നിലവിൽ സാമ്പത്തികപിരിമുറുക്കം അനുഭവിക്കുന്ന ബാഴ്സ പ്യാനിക്കിന് വേണ്ടി വലിയൊരു തുക ചിലവഴിച്ചേക്കില്ല. മാത്രമല്ല എത്ര തുകയാണ് പ്യാനിക്കിന് വേണ്ടി യുവന്റസ് ആവശ്യപ്പെട്ടതെന്നും ട്യൂട്ടോസ്പോർട്ട് പുറത്തുവിട്ടിട്ടില്ല.