നെയ്മറും എംബാപ്പെയും ക്ലബ് വിടുമോ? പിഎസ്ജി താരം പറയുന്നു
പിഎസ്ജിയുടെ കുന്തമുനകളാണ് സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയറും കെയ്‌ലിൻ എംബാപ്പെയും. ഇരുവരും പിഎസ്ജി വിട്ട് മറ്റു ക്ലബുകളിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ പരക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. നെയ്മർ തിരിച്ച് ബാഴ്സയിലേക്കും എംബാപ്പെ റയലിലേക്കും പോകുമെന്നാണ് നിലവിൽ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ. എന്നാൽ ഈ വാർത്തകളോട് പ്രതികരിച്ചിരിക്കുകയാണ് പിഎസ്ജി താരവും ഇരുവരുടെയും സഹതാരവുമായ ഹെരേര. ഇരുവരും പിഎസ്ജിയിൽ സന്തുഷ്ടരാണെന്നും പിഎസ്ജിയിൽ തന്നെ രണ്ട് താരങ്ങളും തുടരുമെന്നാണ് അദ്ദേഹം അറിയിച്ചത്. കഴിഞ്ഞ ദിവസം COPE ക്ക് നൽകിയ അഭിമുഖത്തിലാണ് ഇരുവരും പിഎസ്ജിയിൽ തുടരുമെന്ന കാര്യം ഇദ്ദേഹം അറിയിച്ചത്.
” നിലവിൽ നെയ്മറും എംബാപ്പെയും പിഎസ്ജിയിലാണ്. ഇനിയും അതങ്ങനെ തന്നെ തുടരും. ക്വാറന്റൈന് മുൻപ് എനിക്ക് നെയ്മറുമൊത്ത് ഒരു ഡിന്നറുണ്ടായിരുന്നു. അദ്ദേഹമന്ന് പറഞ്ഞത് ഇതിന് മുൻപൊരിക്കലും പിഎസ്ജിയിൽ താൻ ഇത്രയധികം സന്തോഷവാനായിരുന്നില്ല എന്നാണ്. പിഎസ്ജിക്ക് ചില ലക്ഷ്യങ്ങളുണ്ട്. അത് എല്ലാവരും കൂടി നിറവേറ്റും ” ഹെരേര പറഞ്ഞു.