സൂപ്പർ ലീഗ് ക്ലബ്ബുകൾക്കുള്ള ശിക്ഷ യുവേഫ പ്രഖ്യാപിച്ചു, റയലിനും ബാഴ്സക്കും യുവെന്റസിനും ആശങ്ക!

യൂറോപ്പ്യൻ സൂപ്പർ ലീഗ് എന്ന പേരിൽ പുതിയ ടൂർണ്ണമെൻ്റ് തുടങ്ങാൻ ശ്രമിച്ച ക്ലബ്ബുകൾക്കെതിരെയുള്ള ശിക്ഷാ നടപടികൾ യുവേഫ പ്രഖ്യാപിച്ചു. സൂപ്പർ ലീഗിൻ്റെ ഭാഗമാവാൻ ശ്രമിക്കുകയും പിന്നീട് അതിനെ തള്ളിപ്പറഞ്ഞ് യുവേഫയിൽ തിരികെയെത്തുകയും ചെയ്ത ആഴ്സണൽ, AC മിലാൻ, ഇൻ്റർ മിലാൻ, അത്ലറ്റിക്കോ മാഡ്രിഡ്, ചെൽസി, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ടോട്ടൻഹാം ഹോട്സ്പർ, ലിവർപൂൾ എന്നീ ക്ലബ്ബുകൾക്കുള്ള ശിക്ഷയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ക്ലബ്ബുകൾ സൂപ്പർ ലീഗിൽ ചേർന്ന നടപടി തെറ്റായിരുന്നു എന്ന് അംഗീകരിച്ച് ആരാധകർ, ദേശീയ അസോസിയേഷനുകൾ, ദേശീയ ലീഗുകൾ, മറ്റ് സഹ ക്ലബ്ബുകൾ, യുവേഫ എന്നിവരോട് മാപ്പ് പറഞ്ഞതായും യുവേഫയുടെ ഇത് സംബന്ധിച്ചുള്ള പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

ഈ ക്ലബ്ബുകൾക്ക് യുവേഫ ക്ലബ്ബ് മത്സരങ്ങളിൽ പങ്കെടുത്താൽ ലഭിക്കേണ്ട വരുമാനത്തിൻ്റെ 5 ശതമാനം നഷ്ടമാവും എന്നതാണ് പ്രധാന ശിക്ഷ. ഇനി സൂപ്പർ ലീഗ് പോലുള്ള മറ്റേതെങ്കിലും യുവേഫയുടെ അംഗീകാരമില്ലാത്ത ലീഗുകളുടെ ഭാഗമാവാൻ ശ്രമിച്ചാൽ 100 മില്ല്യൺ യൂറോയുടെ കനത്ത പിഴ നൽകേണ്ടി വരും. ഒപ്പം ഈ ക്ലബ്ബുകൾ എല്ലാം യൂറോപ്യൻ ക്ലബ് അസോസിയേഷനിൽ (ECA) വീണ്ടും അംഗത്വമെടുക്കുമെന്നും യുവേഫ അറിയിച്ചിട്ടുണ്ട്.

അതേസമയം യൂറോപ്യൻ സൂപ്പർ ലീഗിനെ ഇനിയും തള്ളിപ്പറയാൻ തയ്യാറാവാത്ത FC ബാഴ്സലോണ, റയൽ മാഡ്രിസ്, യുവെൻ്റസ് എന്നീ ക്ലബ്ബുകൾക്കെതിരെ കൂടുതൽ ശക്തമായ നടപടികൾ സ്വീകരിക്കും, അതിനായി ഒരു അച്ചടക്ക സമിതിയെ നിയമിക്കും എന്നും യുവേഫയുടെ സ്റ്റേറ്റ്മെൻ്റിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *