സുവാരസിനെ ആദരിക്കാൻ അനുമതി ചോദിച്ച് ബാഴ്സ!

ലാ ലിഗയിൽ കിരീടപ്പോരാട്ടത്തിലെ ഏറ്റവും നിർണ്ണായകമായ മത്സരത്തിൽ നാളെ FC ബാഴ്സലോണയും അത്ലറ്റിക്കോ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുകയാണ്. നാളെ രാത്രി ഇന്ത്യൻ സമയം 7:45ന് ക്യാമ്പ് നൗവിലാണ് മത്സരം നടക്കുക. അത്ലറ്റിക്കോ മാഡ്രിഡിൻ്റെ സൂപ്പർ താരം ലൂയി സുവാരസ് തൻ്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തുന്നു എന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്. ബാഴ്സയുടെ ചരിത്രത്തിൽ ഏറ്റവും അധികം ഗോളുകൾ നേടിയ മൂന്നാമത്തെ താരമായ സുവാരസിനെ കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻ്റോയിലാണ് ക്ലബ്ബ് കയ്യൊഴിഞ്ഞത്. തുടർന്ന് താരം അത്ലറ്റിക്കോയിലേക്ക് ചേക്കേറുകയായിരുന്നു.

ബാഴ്സലോണ തന്നെ ഒഴിവാക്കിയ രീതി ഏറെ വിഷമിപ്പിച്ചുവെന്ന് പല തവണ തുറന്ന് പറഞ്ഞിട്ടുണ്ട് സുവാരസ്. എന്നാലിപ്പോൾ നാളെത്തെ മത്സരത്തിന് മുന്നോടിയായി താരത്തെ ആദരിക്കാൻ ബാഴ്സ ശ്രമം നടത്തുന്നു എന്ന വാർത്തയാണ് പുറത്ത് വരുന്നത്. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ ഇതിനായി ലാ ലിഗ അധികൃതരോട് ബാഴ്സ അനുമതി തേടിയിരിക്കുന്നു എന്ന് RAC1നെ ഉദ്ധരിച്ച് മുണ്ടോ ഡിപ്പോർട്ടീവോ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

2014ൽ ബാഴ്സയിൽ ചേർന്ന സുവാരസ് ആറ് സീസണുകളിലാണ് കാറ്റലൺ ടീമിന് വേണ്ടി പന്ത് തട്ടിയത്. ഇക്കാലയളവിൽ 283 മത്സരങ്ങളിൽ നിന്നായി 198 ഗോളുകളും 97 അസിസ്റ്റുകളും അദ്ദേഹം സ്വന്തം പേരിൽ കുറിച്ചു. ബാഴ്സലോണക്കൊപ്പം 13 കിരീട നേട്ടങ്ങളിലും അദ്ദേഹം പങ്കാളിയായിട്ടുണ്ട്.

ബാഴ്സയിലെ സുവാരസിൻ്റെ കിരീട നേട്ടങ്ങൾ:
La Liga: 4
Champions League: 1
Copa del Rey: 4
Clubs World Cup: 1
European Super Cup: 1
Spanish Super Cup: 2

Leave a Reply

Your email address will not be published. Required fields are marked *