അവസാനമത്സരം ചാമ്പ്യൻസ് ലീഗ് ഫൈനൽ, പടിയിറക്കം അവിസ്‌മരണീയമാക്കാൻ അഗ്വേറൊ!

പത്ത് വർഷത്തോളം നീണ്ട തന്റെ മാഞ്ചസ്റ്റർ സിറ്റി കരിയറിന് ഈ സീസണോട് കൂടി വിരാമം കുറിക്കുമെന്ന് സൂപ്പർ സ്‌ട്രൈക്കർ സെർജിയോ അഗ്വേറൊ മുമ്പ് തന്നെ സ്ഥിരീകരിച്ചു. ഈ സീസണോട് കൂടി താരത്തിന്റെ സിറ്റിയുമായുള്ള കരാർ അവസാനിക്കുകയാണ്. ഇതോട് കൂടി ക്ലബ്‌ വിടുമെന്ന് സിറ്റിയുടെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ അഗ്വേറൊ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ആ പടിയിറക്കം അവിസ്മരണീയമാക്കാനുള്ള സുവർണാവസരമാണ് സിറ്റിക്ക് കൈവന്നിരിക്കുന്നത്. ചരിത്രത്തിൽ ആദ്യമായി സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിക്കുമ്പോൾ ആ ചരിത്രമുഹൂർത്തത്തിന് സാക്ഷിയായി കൊണ്ട് അഗ്വേറൊയുമുണ്ട്.സിറ്റി ജേഴ്‌സിയിലുള്ള താരത്തിന്റെ അവസാനമത്സരം ഒരുപക്ഷെ ചാമ്പ്യൻസ് ലീഗ് ഫൈനലായിരിക്കും.

ചെൽസിയാണ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ സിറ്റിയുടെ എതിരാളികൾ. ചെൽസിയുടെ വെല്ലുവിളി കൂടി മറികടന്നാൽ കന്നി ചാമ്പ്യൻസ് ലീഗ് കിരീടത്തിൽ മുത്തമിടാൻ സിറ്റിക്ക് സാധിച്ചേക്കും.ഇതുവരെ അഗ്വേറൊയും ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടില്ല. അത്ലറ്റിക്കോക്കൊപ്പം യുവേഫ സൂപ്പർ കപ്പ് നേടാൻ താരത്തിന് സാധിച്ചിരുന്നു. സിറ്റിക്കൊപ്പം ചാമ്പ്യൻസ് ലീഗ് നേടണമെന്നുള്ള ആഗ്രഹം 2014-ൽ അഗ്വേറൊ പങ്കുവെച്ചിരുന്നു. ആ ഒരു സ്വപ്നം പൂവണിയിക്കാനുള്ള അവസരമാണ് ഈ അർജന്റൈൻ താരത്തിന് ഇപ്പോൾ കൈവന്നിരിക്കുന്നത്. ഈ ചാമ്പ്യൻസ് ലീഗിൽ രണ്ട് ഗോളുകൾ നേടാൻ അഗ്വേറൊക്ക് കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *