32 ഗോളുകൾ, മെസ്സിപ്പേടിയിൽ അത്ലറ്റിക്കോ മാഡ്രിഡ്!

ലാലിഗയിൽ വളരെ നിർണായകമായ മത്സരമാണ് ശനിയാഴ്ച്ച രാത്രി ഇന്ത്യൻ സമയം 7:45 ന് അരങ്ങേറാൻ പോവുന്നത്. വമ്പൻമാരായ ബാഴ്സയും അത്ലറ്റിക്കോയും തമ്മിൽ ഏറ്റുമുട്ടുന്നു. വിജയിക്കുന്നവർക്ക് കിരീടപ്രതീക്ഷകൾ ഏറെ വർധിപ്പിക്കാൻ സാധിക്കും. അത്കൊണ്ട് തന്നെ മത്സരം തീപ്പാറുമെന്ന കാര്യത്തിൽ സംശയമില്ല.2014-ൽ കിരീടം കൈവിട്ടത് പോലെ ഇത്തവണ കിരീടം കൈവിടില്ല എന്ന തീരുമാനത്തിലാണ് എഫ്സി ബാഴ്സലോണ. സീസണിന്റെ തുടക്കത്തിൽ നിറം മങ്ങിയെങ്കിലും പിന്നീട് മിന്നുന്ന പ്രകടനമാണ് ബാഴ്‌സ കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. അത്ലറ്റിക്കോക്കെതിരെ കളത്തിലിറങ്ങുമ്പോൾ ബാഴ്സ ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വെച്ചുപുലർത്തുന്നത് ലയണൽ മെസ്സി എന്ന നായകനിലാണ്. മെസ്സിയുടെ പ്രിയപ്പെട്ട വേട്ടമൃഗമായ അത്ലറ്റിക്കോക്കെതിരെ താരം ഫോം തുടരുമെന്ന് തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

മെസ്സി ഏറ്റവും കൂടുതൽ തവണ നേരിട്ടിട്ടുള്ള ടീമുകളിൽ ഒന്നാണ് അത്ലറ്റിക്കോ.ഇതുവരെ 42 തവണ മെസ്സി അത്ലറ്റിക്കോക്കെതിരെ കളിച്ചിട്ടുണ്ട്. ഇതിൽ നിന്നായി 32 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്. ശരാശരി ഓരോ മത്സരത്തിലും 0.76 എന്ന തോതിൽ മെസ്സി ഗോളുകൾ അടിച്ചു കൂട്ടിയിട്ടുണ്ട്.സെവിയ്യക്കെതിരെ മാത്രമാണ് മെസ്സി ഇതിൽ കൂടുതൽ ഗോളുകൾ നേടിയിട്ടുള്ളത്.42 മത്സരങ്ങളിൽ നിന്ന് 38 ഗോളുകൾ മെസ്സി സെവിയ്യക്കെതിരെ നേടിയിട്ടുണ്ട്.പിറകിലുള്ള വലൻസിയക്കെതിരെ 31 ഗോളുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്.2007 മെയ് 20-ആം തിയ്യതി നടന്ന മത്സരത്തിലാണ് മെസ്സി ആദ്യമായി അത്ലറ്റിക്കോക്കെതിരെ ഗോൾ നേടുന്നത്.നിലവിൽ 32 ഗോളുകൾ നേടിയതിൽ 3 ഫ്രീകിക്ക് ഗോളും 2 പെനാൽറ്റിയും അടങ്ങുന്നുണ്ട്.താരം ആ ഫോം തുടരുകയാണെങ്കിൽ അത്ലറ്റിക്കോയെ കീഴടക്കാമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സ.

Leave a Reply

Your email address will not be published. Required fields are marked *