യൂറോ കപ്പിലും 5 സബ്സ്റ്റിട്യൂഷൻ തുടരും, മറ്റൊരു നിയമം മാറ്റാനും യുവേഫക്ക് സമ്മർദ്ദം!

ഈ വർഷം നടക്കുന്ന യൂറോ കപ്പിലും അഞ്ച് സബ്സ്റ്റിട്യൂഷനുകൾ തുടരും. ഇന്നലെ നടന്ന യുവേഫയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇത്തരമൊരു തീരുമാനം കൈകൊണ്ടത്. കോവിഡിന്റെ പശ്ചാത്തലത്തിലായിരുന്നു ഫിഫയും യുവേഫയുമൊക്കെ ഒരു മത്സരത്തിൽ അഞ്ച് തവണ സബ്സ്റ്റിട്യൂഷൻ നടത്താമെന്ന നിയമം കൊണ്ട് വന്നത്. സാധാരണ രീതിയിൽ മൂന്ന് തവണ സബ്സ്റ്റിട്യൂഷൻ നടത്താൻ അനുവാദമുണ്ടായിരുന്നുവോള്ളൂ. അഞ്ച് തവണ സബ്സ്റ്റിട്യൂഷനുകൾ അനുവദനീയമാണ് എന്ന നിയമം ടീമുകൾക്ക് ആശ്വാസകരമാവുകയാണ് ചെയ്തിട്ടുള്ളത്. ഇത്‌ കൊണ്ടാണ് ഈയൊരു നിയമം യൂറോ കപ്പിലും നിലനിർത്താൻ യുവേഫ തീരുമാനിച്ചത്.

അതേസമയം ഇതിനെ തുടർന്ന് മറ്റൊരു നിയമത്തിലും മാറ്റം വരുത്താൻ യുവേഫക്ക് സമ്മർദ്ദമേറുന്നുണ്ട്. നിലവിൽ സ്‌ക്വാഡിൽ 23 പേരെ മാത്രമേ ഒരു ടീമിന് ഉൾപ്പെടുത്താൻ അനുവാദമൊള്ളൂ. ഇത് വർധിപ്പിക്കണമെന്നാണ് പല രാജ്യങ്ങളുടെയും ആവിശ്യം.25 പേരെ ഉൾപ്പെടുത്താൻ അനുമതി നൽകണമെന്നാണ് ഇവർ ആവിശ്യപ്പെടുന്നത്. പോളണ്ട് ഇത്‌ സംബന്ധിച്ച് യുവേഫയെ ഔദ്യോഗികമായി സമീപിച്ചിട്ടുമുണ്ട്.കോവിഡ് പ്രശ്നവും പരിക്കുകളുമാണ് സ്‌ക്വാഡിന്റെ വലുപ്പം വർധിപ്പിക്കണമെന്ന് ആവിശ്യപ്പെടാനുള്ള പ്രധാനകാരണം. ഏതായാലും ഈ വിഷയത്തിലും വരും ദിവസങ്ങളിൽ യുവേഫ തീരുമാനം കൈക്കൊള്ളും.

Leave a Reply

Your email address will not be published. Required fields are marked *