പോർച്ചുഗല്ലിനും ബെൽജിയത്തിനും വിജയം, സമനിലയിൽ കുരുങ്ങി ഫ്രാൻസ്!

യുവേഫ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളിൽ ജയത്തോടെ തുടങ്ങി പോർച്ചുഗല്ലും ബെൽജിയവും. അതേസമയം നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് സമനിലയിൽ കുരുങ്ങിയപ്പോൾ റണ്ണേഴ്‌സ് അപ്പായ ക്രോയേഷ്യ അട്ടിമറി തോൽവിയേറ്റുവാങ്ങുകയായിരുന്നു.ഇന്നലത്തെ മത്സരത്തിൽ അസർബൈജാനെയാണ് പോർച്ചുഗൽ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. അസർബൈജാൻ താരം മാക്സിം വഴങ്ങിയ സെൽഫ് ഗോളാണ് പറങ്കിപടക്ക് തുണയായത്. ക്രിസ്റ്റ്യാനോ ഉൾപ്പെടുന്ന സൂപ്പർ താരങ്ങൾ കളത്തിലിറങ്ങിയെങ്കിലും കൂടുതൽ ഗോളുകൾ നേടാൻ പോർച്ചുഗല്ലിന് കഴിയാതെ പോവുകയായിരുന്നു.

അതേസമയം ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ കരുത്തരായ ബെൽജിയം മിന്നുന്ന വിജയം നേടി. ബെയ്ലിന്റെ വെയിൽസിനെയാണ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ബെൽജിയം തകർത്തു വിട്ടത്.ബെൽജിയത്തിന് വേണ്ടി ഡിബ്രൂയിൻ, തോർഗൻ ഹസാർഡ്,ലുക്കാക്കു എന്നിവരാണ് ഗോളുകൾ നേടിയത്. വെയിൽസിന്റെ ഗോൾ ബെയ്‌ലിന്റെ അസിസ്റ്റിൽ നിന്ന് ഹാരി വിൽ‌സൺ നേടി.

മറ്റൊരു മത്സരത്തിൽ ഫ്രാൻസ് സമനിലയിൽ കുരുങ്ങി. ഉക്രൈനാണ് ഫ്രാൻസിനെ സമനിലയിൽ തളച്ചത്. 19-ആം മിനുട്ടിൽ ഒരു മനോഹരമായ ഗോളിലൂടെ ഗ്രീസ്മാൻ ഫ്രാൻസിന് ലീഡ് നേടിക്കൊടുത്തിരുന്നു. എന്നാൽ 57-ആം മിനുട്ടിൽ കിപ്പമ്പേ സെൽഫ് ഗോൾ വഴങ്ങിയതോടെ മത്സരം സമനിലയിലാവുകയായിരുന്നു.അതേസമയം സ്ലോവേനിയയാണ് ക്രോയേഷ്യയെ അട്ടിമറിച്ചത്. ലുക്കാ മോഡ്രിച് ഉൾപ്പെടുന്ന താരനിര ഒരു ഗോളിന്റെ തോൽവിയാണ് ഏറ്റുവാങ്ങിയത്.സാന്റി ലോവ്റിച് ആണ് സ്ലോവേനിയക്ക് വേണ്ടി ഗോൾ നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *