ബെസിക്റ്റസുമായുള്ള ബന്ധം അവസാനിപ്പിച്ച് കാരിയസ് തിരികെ ലിവർപൂളിലേക്ക്
മുൻ ലിവർപൂൾ ഗോൾകീപ്പർ ലോറിസ് കാരിയസിനെ അധികമാരും മറക്കാൻ വഴിയില്ല.റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കാരിയസിന്റെ പിഴവിലൂടെ ലിവർപൂളിന് നഷ്ടമായത് ചാമ്പ്യൻസ് ലീഗ് കിരീടമായിരുന്നു. കണ്ണീരോടെ കളം വിട്ട അദ്ദേഹം പിന്നീട് ലോണടിസ്ഥാനത്തിൽ തുർക്കിഷ് ക്ലബായ ബെസിക്റ്റസിലായിരുന്നു കളിച്ചിരുന്നത്. എന്നാലിപ്പോഴിതാ ക്ലബുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് താരം ലിവർപൂളിലേക്ക് തന്നെ തിരികെയെത്തുന്നു. താരം തന്നെയാണ് തന്റെ സമൂഹമാധ്യമങ്ങൾ വഴി ഫുട്ബോൾ ലോകത്തെ ഇക്കാര്യം അറിയിച്ചത്. വേതനവുമായുള്ള തർക്കങ്ങളാണ് ബന്ധം അവസാനിപ്പിക്കാൻ കാരണമായത്. എന്നാൽ താരം ലിവർപൂളിൽ തന്നെ തുടരാൻ സാധ്യതയില്ല. പ്രീമിയർ ലീഗിലെ തന്നെ വോൾവ്സ് താരത്തിൽ താല്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
” ഞാനിന്ന് ബെസിക്റ്റസുമായുള്ള കരാർ അവസാനിപ്പിച്ചു. ഈ രീതിയിൽ ഇത് അവസാനിച്ചത് നാണക്കേട് തന്നെയാണ്. ഞാൻ എന്നാലാവും വിധം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചതാണ്. കഴിഞ്ഞ മാസങ്ങളിൽ ക്ഷമയോടെ ഒട്ടേറെ തവണ ബോർഡ് അംഗങ്ങളോട് ഞാൻ സംസാരിച്ചതാണ്. നിർഭാഗ്യവശാൽ പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിച്ചില്ല. എന്റെ നിർദ്ദേശങ്ങൾ ക്ലബ് തള്ളികളയുകയും ശമ്പളം കുറക്കുകയും ചെയ്തു. പക്ഷെ ബെസിക്റ്റസിലെ മത്സരങ്ങൾ ഞാൻ ശരിക്കും ആസ്വദിച്ചിരുന്നു. ആരാധകരുടെ പിന്തുണ ഒക്കെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. എന്റെ നല്ല സമയത്തും മോശം സമയത്തും നിങ്ങൾ ഒരുപോലെ പിന്തുണച്ചു. അത്പോലെ തന്നെ സഹതാരങ്ങളോടും കോച്ചിങ് സ്റ്റാഫിനോടും ക്ലബിലെ മറ്റു അംഗങ്ങളോടും ഞാൻ നന്ദി അർപ്പിക്കുന്നു ” കാരിയസ് കുറിച്ചു.