പോച്ചെട്ടിനോക്ക് എതിരാളിയായി മുൻ അർജന്റീന പരിശീലകൻ ലീഗ് വണ്ണിലെത്തുന്നു!

പുറത്താക്കപ്പെട്ട തോമസ് ടുഷേലിന് പകരമായിരുന്നു അർജന്റൈൻ പരിശീലകനായ പോച്ചെട്ടിനോ പിഎസ്ജിയുടെ പരിശീലകസ്ഥാനമേറ്റടുത്തത്. ഇപ്പോഴിതാ പോച്ചെട്ടിനോക്ക് പിന്നാലെ മറ്റൊരു അർജന്റൈൻ പരിശീലകൻ കൂടി ലീഗ് വണ്ണിലെത്തുന്നു. മുമ്പ് അർജന്റീനയെ പരിശീലിപ്പിച്ചിരുന്ന ജോർഗേ സാംപോളിയാണ് പിഎസ്ജിയുടെ ചിരവൈരികളായ മാഴ്സെയുടെ പരിശീലകനായി കൊണ്ട് എത്തുന്നത്. അർജന്റൈൻ മാധ്യമമായ മുണ്ടോ ആൽബിസെലസ്റ്റയാണ് മാധ്യമപ്രവർത്തകയായ വെറോണിക്ക ബ്രൂനാട്ടിയെ ഉദ്ധരിച്ചു കൊണ്ട് ഈ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.2023 വരെ മാഴ്സെയുടെ പരിശീലകനാവാൻ സാംപോളി സമ്മതിച്ചു എന്നാണ് റിപ്പോർട്ടുകൾ.

2015 കോപ്പ അമേരിക്കയിൽ ചിലി മുത്തമിടുമ്പോൾ സാംപോളിയായിരുന്നു ചിലിയുടെ കോച്ച്.അതിന് ശേഷം 2018 വേൾഡ് കപ്പിൽ അദ്ദേഹം അർജന്റീനയെ പരിശീലിപ്പിച്ചു. എന്നാൽ അർജന്റീന നിരാശപ്പെടുത്തിയതോടെ അദ്ദേഹം പടിയിറങ്ങി.തുടർന്ന് 60 വയസ്സുകാരനായ സാംപോളി ബ്രസീലിയൻ ക്ലബ് സാന്റോസിന്റെ പരിശീലകനായി.കിരീടങ്ങൾ നേടാൻ കഴിയാതെ വന്നതോടെ അദ്ദേഹം സാന്റോസ് വിട്ട് മറ്റൊരു ബ്രസീലിയൻ ക്ലബായ അത്ലെറ്റിക്കോ മിനെയ്റോയുടെ പരിശീലകനായി.മിനയ്റോക്ക് ഒരു കിരീടം നേടികൊടുക്കാൻ സാംപോളിക്ക് കഴിഞ്ഞു. ഇതിന് ശേഷമാണ് അദ്ദേഹം ലീഗ് വണ്ണിലേക്ക് എത്തുന്നത്.ഉടൻ തന്നെ അദ്ദേഹം ബ്രസീലിൽ നിന്ന് ഫ്രാൻസിലേക്ക് പറക്കുമെന്നാണ് റിപ്പോർട്ടുകൾ.

Leave a Reply

Your email address will not be published. Required fields are marked *