നവാസ് Vs മെസ്സി, കണക്കുകൾ ആർക്കൊപ്പം?

ഫുട്ബോൾ ലോകം കാത്തുകാത്തിരുന്ന ആ ആവേശപോരാട്ടത്തിന് ഇന്ന് വിസിൽ മുഴങ്ങും. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് ഫുട്ബോൾ ലോകത്തെ രണ്ട് അതികായകൻമാരായ എഫ്സി ബാഴ്സലോണയും പിഎസ്ജിയും മാറ്റുരക്കുന്നത്. ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് ഈ തീപ്പാറും പോരാട്ടം അരങ്ങേറുക. ഈ മത്സരത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. സൂപ്പർ താരം ലയണൽ മെസ്സി ഒരിക്കൽ കൂടി കോസ്റ്റാറിക്കൻ ഗോൾകീപ്പർ കെയ്‌ലർ നവാസിനെ നേരിടുകയാണ്.മുമ്പ് നവാസ് ലെവാന്റെയിലും റയൽ മാഡ്രിഡിലും ആയിരുന്ന സമയത്ത് ഇരുവരും തമ്മിൽ പലതവണ കൊമ്പുകോർത്തിട്ടുണ്ട്. എന്നാൽ നവാസ് പിഎസ്ജിയിൽ എത്തിയ ശേഷം ഇതാദ്യമായാണ് മെസ്സി നവാസിനെ അഭിമുഖീകരിക്കുന്നത്. ഏതായാലും കണക്കുകൾ എടുത്ത് നോക്കിയാൽ മെസ്സിക്ക് മുൻ‌തൂക്കം കാണാൻ സാധിക്കും.

ഇതുവരെ 12 തവണയാണ് മെസ്സിയും നവാസും തമ്മിൽ ഏറ്റുമുട്ടിയിട്ടുള്ളത്.ആദ്യം ലെവാന്റെയിൽ ആയിരുന്ന കാലത്തും പിന്നീട് റയൽ മാഡ്രിഡിൽ ആയിരുന്ന കാലത്തുമാണ് ഇരുവരും പരസ്പരം കൊമ്പ്കോർത്തത്. ഈ മത്സരങ്ങളിൽ അഞ്ചിലും വിജയം മെസ്സിക്കൊപ്പമായിരുന്നു.നാലു സമനിലകൾ വഴങ്ങിയപ്പോൾ മൂന്ന് ജയം മാത്രമാണ് നവാസിന് നേടാൻ സാധിച്ചത്. ഏഴിൽ പരം ഗോളുകൾ മെസ്സി നവാസിനെതിരെ നേടിയിട്ടുണ്ട്.നവാസ് ലെവാന്റെയിൽ കളിച്ച സമയത്ത് ഒരു മത്സരത്തിൽ 7-0 എന്ന വമ്പൻ മാർജിനിൽ ബാഴ്‌സയോട് ലെവാന്റെ തോറ്റിരുന്നു. അന്ന് രണ്ട് ഗോളുകളാണ് മെസ്സി നേടിയത്. ഏതായാലും നവാസ് ഒരിക്കൽ കൂടി മെസ്സിയെ നേരിടുകയാണ്. നവാസിനെ സംബന്ധിച്ചെടുത്തോളം അത്ര നല്ല അനുഭവങ്ങളല്ല മെസ്സിയെ നേരിട്ടപ്പോൾ ഉണ്ടായിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *