പിഎസ്ജിയുമായി ബന്ധപ്പെടുത്തിയുള്ള ഊഹാപോഹങ്ങൾ, മനം മടുത്ത് മെസ്സി!

സൂപ്പർ താരം ലയണൽ മെസ്സിയുടെ ട്രാൻസ്ഫറിനെ ചുറ്റിപ്പറ്റിയുള്ള ഒരുപാട് വാർത്തകൾ ഒട്ടുമിക്ക മാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. പിഎസ്ജിയുമായി ബന്ധപ്പെടുത്തിയുള്ള വാർത്തകളും പ്രസ്താവനകളുമാണ് ഇതിൽ മിക്കതും. പിഎസ്ജി സ്പോർട്ടിങ് ഡയറക്ടർ ലിയനാർഡോ, സൂപ്പർ താരം നെയ്മർ ജൂനിയർ, സഹതാരങ്ങളായ എയ്ഞ്ചൽ ഡി മരിയ, ലിയാൻഡ്രോ പരേഡസ്, പരിശീലകൻ പോച്ചെട്ടിനോ തുടങ്ങിയ ക്ലബ്ബിൽ ഉള്ളവർ തന്നെ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. ഡിമരിയയുടെ പ്രസ്താവനക്കെതിരെ റൊണാൾഡ് കൂമാൻ, വിക്ടർ ഫോണ്ട്, ജോൺ ലപോർട്ട എന്നിവരെല്ലാം ആഞ്ഞടിച്ചു. യഥാർത്ഥത്തിൽ ഈയൊരു അഭ്യൂഹങ്ങളും പ്രസ്താവനകളും ഏറെ മനംമടുപ്പിക്കുന്നത് മെസ്സിയെയാണ്. പിഎസ്ജിയുമായി ബന്ധപ്പെട്ട ഒന്നും തന്നെ ഇതുവരെ പ്രസ്താവിച്ചിട്ടില്ലാത്ത മെസ്സിയെ ചുറ്റിപ്പറ്റി ഇത്രത്തോളം വാർത്തകൾ വരുന്നത് അദ്ദേഹത്തെ തന്നെ അസ്വസ്ഥമാക്കുന്നുണ്ട്.യഥാർത്ഥത്തിൽ ഇക്കാര്യങ്ങളെല്ലാം തന്നെ അദ്ദേഹത്തെ മനംമടുപ്പിച്ചിട്ടുണ്ട് എന്നാണ് മാർക്ക റിപ്പോർട്ട് ചെയ്യുന്നത്.

നിലവിൽ ട്രാൻസ്ഫറിനെ കുറിച്ച് ഒന്നും തന്നെ ചിന്തിക്കുന്നില്ലെന്ന് മെസ്സി കഴിഞ്ഞ അഭിമുഖത്തിൽ തുറന്നു പറഞ്ഞിരുന്നു. ഈ സീസണിന് ശേഷം മാത്രമേ അതിനെക്കുറിച്ച് ചിന്തിക്കുകയൊള്ളൂ എന്നാണ് മെസ്സി പറഞ്ഞിരുന്നത്. തന്റെ നിലപാട് വ്യക്തമാക്കിയിട്ടും ഇത്രയേറെ അഭ്യൂഹങ്ങൾ വരുന്നത് മെസ്സിയെ മടുപ്പിക്കുന്ന ഒന്നാണ്. മാത്രമല്ല നിലവിൽ ബാഴ്‌സയിൽ മെസ്സി സന്തോഷവാനായി വരികയാണ്. കൂടാതെ ബാഴ്സ പ്രസിഡന്റായി വരുന്ന വ്യക്തിയെ കൂടി മെസ്സിയുടെ ഭാവി ആശ്രയിച്ചിരിക്കും. മാത്രമല്ല മറ്റുള്ള ക്ലബുകളുമായി ചർച്ചകൾ നടത്താൻ മെസ്സിക്ക് അധികാരം ലഭിച്ചിട്ടും മെസ്സി അത് വിനിയോഗിച്ചിട്ടില്ല. അതിനർത്ഥം മെസ്സി നിലവിൽ ബാഴ്സ വിടാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് തന്നെയാണ്.

Leave a Reply

Your email address will not be published. Required fields are marked *