ബ്രസീലിയൻ യുവതാരത്തെ ലോണിൽ അയക്കാൻ റയൽ മാഡ്രിഡ്
റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ യുവതാരം റെയ്നീർ ജീസസിനെ ലോണിൽ മറ്റൊരു ക്ലബിലേക്കയക്കാൻ റയൽ മാഡ്രിഡ് ആലോചിക്കുന്നു. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു താരം സാന്റിയാഗോ ബെർണാബുവിൽ എത്തിയത്. റയൽ മാഡ്രിഡിന്റെ ബി ഡിവിഷൻ ടീമായ കാസ്റ്റില്ലക്ക് വേണ്ടി മൂന്ന് മത്സരങ്ങളിൽ കളിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. പതിനെട്ടുകാരനായ താരത്തിന് കൂടുതൽ അവസരങ്ങളും പരിചയസമ്പന്നതയും കൈവരാൻ ഏതെങ്കിലും ക്ലബ്ബിലേക്ക് ലോണിൽ അയക്കാനാണ് റയൽ മാഡ്രിഡിപ്പോൾ ആലോചിക്കുന്നത്.
റയലിൽ എത്തുന്നതിന് മുൻപ് ഫ്ലെമെങ്കോക്ക് വേണ്ടി കേവലം പതിനാറ് മത്സരങ്ങൾ മാത്രമേ താരം കളിച്ചിട്ടൊള്ളൂ. അത്കൊണ്ട് തന്നെ താരത്തിന് കൂടുതൽ അവസരങ്ങൾ ഒരുക്കണമെന്നാണ് റയൽ അധികൃതരുടെ തീരുമാനം. എന്നാൽ നോൺ-യൂറോപ്യൻ യൂണിയൻ താരങ്ങളെ കളിപ്പിക്കാനുള്ള പരിധി റയൽ മാഡ്രിഡ് പിന്നിട്ട് കഴിഞ്ഞ ഈ സാഹചര്യത്തിൽ താരത്തെ ടീമിൽ എടുക്കാനാവില്ല. നിലവിൽ വിനീഷ്യസ് ജൂനിയർ, റോഡ്രിഗോ, എഡർ മിലിറ്റവോ, ടകെഫുസ കുബോ എന്നിവരാണ് റയലിൽ നോൺ-യൂറോപ്യൻ യൂണിയൻ താരങ്ങൾ ഉള്ളത്. ഇതിനാൽ തന്നെ വരുന്ന സീസണിൽ താരത്തെ ലോണിൽ അയക്കാൻ റയൽ നിർബന്ധിതരാവുകയാണ്.