ബാഴ്‌സക്കെതിരെയുള്ള മത്സരത്തിന് മുന്നേ നെയ്മറുടെ കാര്യം തീരുമാനമാക്കാൻ പിഎസ്ജി!

ഇനി വരുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടങ്ങളിൽ ആരാധകർ ഏറ്റവും കൂടുതൽ ആവേശത്തോടെ ഉറ്റുനോക്കി കൊണ്ടിരിക്കുന്ന പോരാട്ടമാണ് ബാഴ്സ- പിഎസ്ജി മത്സരം. സൂപ്പർതാരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും ഒരു നീണ്ട ഇടവേളക്ക്‌ ശേഷം മുഖാമുഖം വരുന്നു എന്നുള്ളതാണ് ഈ മത്സരത്തിന്റെ പ്രത്യേകത. മാത്രമല്ല ബാഴ്‌സയോട് ഒരു കണക്കു കൂടി വീട്ടാനുണ്ട് നിലവിലെ റണ്ണേഴ്‌സ് അപ്പായ പിഎസ്ജിക്ക്‌. ഏതായാലും ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുമ്പ് സൂപ്പർ താരം നെയ്മർ ജൂനിയറുടെ കരാറിന്റെ കാര്യം ഔദ്യോഗികമായി തന്നെ തീരുമാനമാക്കാനുള്ള ഒരുക്കത്തിലാണ് പിഎസ്ജി. ബ്രസീലിയൻ മാധ്യമമായ യുഒഎൽ ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ബാഴ്‌സക്കെതിരെയുള്ള മത്സരത്തിന് മുന്നേ നെയ്മറുടെ കരാർ പുതുക്കി ഔദ്യോഗികമായി തന്നെ പ്രഖ്യാപിക്കാനാണ് പിഎസ്ജി ഇപ്പോൾ ശ്രമങ്ങൾ നടത്തുന്നത്.

2022-ലാണ് നെയ്മറുടെ കരാർ അവസാനിക്കുക.ഇത് നാലു വർഷത്തേക്ക്‌ പുതുക്കാനാണ് പിഎസ്ജി നെയ്മറുമായി ചർച്ചകൾ നടത്തിയിരിക്കുന്നത്. നെയ്മറുടെ പ്രതിനിധികളും പിഎസ്ജി അധികൃതരും കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ചർച്ചകൾ ആരംഭിച്ചിരുന്നു.അന്ന് തന്നെ കരാർ പുതുക്കുന്നതിനോട് അനുകൂല നിലപാട് ആണ് നെയ്മർ സ്വീകരിച്ചത്. ഈയിടെ താൻ പിഎസ്ജിയിൽ തന്നെ തുടരുമെന്നും ഇവിടെ സന്തോഷവാനാണെന്നും നെയ്മർ നേരിട്ട് അറിയിച്ചിരുന്നു. നെയ്മറുടെ കരാർ പുതുക്കി കഴിഞ്ഞാൽ പിന്നീട് പിഎസ്ജിയുടെ ലക്ഷ്യം എംബാപ്പെയുടെ കരാർ പുതുക്കുക എന്നുള്ളതാണ്. അതും പിഎസ്ജി നേരിടുന്ന മറ്റൊരു വെല്ലുവിളിയാണ്.

Leave a Reply

Your email address will not be published. Required fields are marked *