സ്പർസിനെ തകർത്ത് ചെൽസി, തിരിച്ചടിയായി സിൽവയുടെ പരിക്ക്!

ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന ലണ്ടൻ ഡെർബിയിൽ ചെൽസിക്ക്‌ വിജയം. എതിരില്ലാത്ത ഒരു ഗോളിനാണ് ചെൽസി മൊറീഞ്ഞോയുടെ ടോട്ടൻഹാമിനെ തോല്പിച്ചത്.മത്സരത്തിന്റെ ഇരുപത്തിനാലാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ജോർജിഞ്ഞോ ലക്ഷ്യം കണ്ടതാണ് ചെൽസിക്ക് തുണയായത്. മത്സരത്തിൽ ക്ലീൻഷീറ്റ് നേടാനും ചെൽസിക്ക് സാധിച്ചു. ടുഷേലിന് കീഴിൽ ഇത് മൂന്നാമത്തെ ക്ലീൻഷീറ്റ് ആണ് ചെൽസി നേടുന്നത്. ജയത്തോടെ ചെൽസി പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്തേക്കുയർന്നു.22 മത്സരങ്ങളിൽ നിന്ന് 36 പോയിന്റാണ് ചെൽസിക്കുള്ളത്.ഒരു മത്സരം കുറച്ചു കളിച്ച് 33 പോയിന്റുള്ള ടോട്ടൻഹാം എട്ടാം സ്ഥാനത്താണ്.

അതേസമയം സൂപ്പർ താരം തിയാഗോ സിൽവക്ക്‌ പരിക്കേറ്റത് ചെൽസിക്ക്‌ തിരിച്ചടിയായി.മത്സരത്തിന്റെ മുപ്പത്തിയാറാം മിനുട്ടിലാണ് സിൽവക്ക് പരിക്കേറ്റത്. തുടർന്ന് താരം കളം വിടുകയും ചെയ്തു. ഒരു ബോൾ ക്ലിയർ ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് വേദന അനുഭവപ്പെട്ട സിൽവ കളം വിടുകയായിരുന്നു. ഇനി താരത്തിന് മത്സരങ്ങൾ നഷ്ടമാവുമോ എന്നുള്ളത് വ്യക്തമായിട്ടില്ല. 36 വയസുകാരനായ താരം ഈ സീസണിലെ പതിനേഴാം പ്രീമിയർ ലീഗ് മത്സരമാണ് കളിച്ചത്. മുൻ പിഎസ്ജി പരിശീലകൻ ടുഷേലിന്റെ വരവ് ഏറ്റവും കൂടുതൽ ഗുണം ചെയ്യുക സിൽവക്കായിരിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്.ഇനി ഷെഫീൽഡ് യുണൈറ്റഡിനെതിരെയാണ് ബ്ലൂസിന്റെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *