ചെൽസിക്കിനി ടുഷേൽ തന്ത്രമോതും!

ചെൽസിയുടെ പുതിയ പരിശീലകനായിട്ട് തോമസ് ടുഷേലിനെ നിയമിച്ചു. ഇന്നലെയാണ് ഇക്കാര്യം ചെൽസി ഔദ്യോഗികമായി പുറത്തു വിട്ടത്. ടുഷേൽ ചെൽസിയുടെ പരിശീലകനായി വരുമെന്ന് അഭ്യൂഹങ്ങൾ മുൻപ് തന്നെ പ്രചരിച്ചിരുന്നു. ഇക്കാര്യം ചെൽസി ഇന്നലെ സ്ഥിരീക്കുകയായിരുന്നു. പുറത്താക്കപ്പെട്ട ഫ്രാങ്ക് ലംപാർഡിന് പകരക്കാരനായാണ് ടുഷേൽ എത്തുന്നത്. കഴിഞ്ഞ മാസമായിരുന്നു പിഎസ്ജിയുടെ പരിശീലക സ്ഥാനത്ത് നിന്നും ടുഷേലിനെ നീക്കം ചെയ്തത്. തുടർന്നവർ പോച്ചെട്ടിനോയെ നിയമിച്ചിരുന്നു. 47 വയസ്സുകാരനായ ടുഷേൽ ബൊറൂസിയ ഡോർട്മുണ്ട്, പിഎസ്ജി എന്നിവരെ പരിശീലിപ്പിച്ച പരിചയവുമായാണ് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ എത്തുന്നത്. പിഎസ്ജിയെ ചരിത്രത്തിലാദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തിക്കാൻ കഴിഞ്ഞ പരിശീലകനാണ് ഇദ്ദേഹം.

18 മാസത്തെ കരാറിലാണ് ടുഷേൽ ചെൽസിയിൽ എത്തിയിരിക്കുന്നത്. കരാർ ഒരുവർഷം കൂടി നീട്ടാനുള്ള ഓപ്ഷനുണ്ട്. തന്നെ പരിശീലകനായി നിയമിച്ച ചെൽസിക്ക് നന്ദി പറയാൻ ടുഷേൽ മറന്നില്ല. ” ചെൽസി എഫ്സിക്കും അവരുടെ സ്റ്റാഫിനും അവർ എന്നിൽ കാണിച്ച ആത്മവിശ്വാസത്തിന് ഞാൻ നന്ദി പറയുന്നു. ഫ്രാങ്ക് ലംപാർഡ് ചെൽസിയിൽ നിർമ്മിച്ച ലെഗസിയേയും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെയും ഞങ്ങൾ എല്ലാവരും ബഹുമാനിക്കുന്നു. അതേസമയം, ഏറ്റവും ആവേശഭരിതമായ ലീഗിൽ മത്സരിക്കുന്ന എന്റെ പുതിയ ടീമിനെ കാണാനുള്ള കാത്തിരിപ്പിലാണ് ഞാൻ. ചെൽസി കുടുംബത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് അഭിമാനമുണ്ട് ” ടുഷേൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *