ലാലിഗ നേടാൻ അത്ലെറ്റിക്കോക്ക്‌ ബാഴ്സ നൽകിയ സമ്മാനമോ സുവാരസ്?

ലാലിഗ നേടാൻ അത്ലെറ്റിക്കോ മാഡ്രിഡിന് ബാഴ്സ നൽകിയ സമ്മാനമോ സുവാരസ്? ഇതായിരുന്നു കഴിഞ്ഞ ദിവസം മാർക്കയുടെ ഒരു കുറിപ്പിന്റെ തലക്കെട്ട്. ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു ലൂയിസ് സുവാരസ് ബാഴ്സ വിട്ട് അത്ലെറ്റിക്കോ മാഡ്രിഡിൽ എത്തിയത്. യഥാർത്ഥത്തിൽ സുവാരസിനെ ബാഴ്‌സ ഒഴിവാക്കി വിടുകയായിരുന്നു. എന്നാൽ ഇത് അനുഗ്രഹമായത് അത്ലെറ്റിക്കോ മാഡ്രിഡിനാണ്. ഒരു മികച്ച സ്‌ട്രൈക്കറുടെ അഭാവം അനുഭവിച്ചിരുന്ന ഡിയഗോ സിമിയോണി രണ്ടാമതൊന്ന് ചിന്തിക്കാതെ സുവാരസിനെ ടീമിൽ എത്തിക്കുകയായിരുന്നു. ഇപ്പോഴിതാ ലാലിഗയിൽ മിന്നുന്ന പ്രകടനമാണ് അത്ലെറ്റിക്കോ മാഡ്രിഡ്‌ കാഴ്ച്ചവെക്കുന്നത്.17 മത്സരങ്ങളിൽ നിന്ന് 44 പോയിന്റാണ് അത്ലെറ്റിക്കോ മാഡ്രിഡിന് ഉള്ളത്.ഒരു മത്സരം അധികം കളിച്ച റയൽ 37 പോയിന്റോടെ പിറകിലാണ്.

അത്ലെറ്റിക്കോയുടെ ഈ കുതിപ്പിന് ചുക്കാൻ പിടിക്കുന്നത് ലൂയിസ് സുവാരസ് ആണെന്ന കാര്യത്തിൽ സംശയമില്ല.ഈ ലാലിഗയിലെ ടോപ് സ്‌കോറർമാരിൽ ഒരാളാണ് സുവാരസ്.11 ഗോളുകളാണ് സുവാരസ് നേടിയത്.11 ഗോളുകളുമായി സുഹൃത്ത് മെസ്സിയും ഒപ്പമുണ്ട്. എന്നാൽ ബാഴ്‌സയുടെ ലീഗിലെ അവസ്ഥ പരിതാപകരമാണ്.നാലു തോൽവി കൾ ആണ് ഈ സീസണിൽ ബാഴ്സ വഴങ്ങിയത്.34 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് ബാഴ്‌സയുടെ സ്ഥാനം. മുമ്പ് ഡേവിഡ് വിയ്യയെ ബാഴ്സ കൈവിട്ടപ്പോൾ സംഭവിച്ച അതേ അബദ്ദമാണ് ഇപ്പോൾ ബാഴ്‌സ ഒരിക്കൽ കൂടി ആവർത്തിച്ചിരിക്കുന്നത്. അന്ന് ബാഴ്‌സ വിട്ട് അത്ലെറ്റിക്കോയിലേക്ക് ചേക്കേറിയ ഡേവിഡ് വിയ്യയുടെ തോളിലേറി 2014-ൽ ലാലിഗ കിരീടം അവർ സ്വന്തമാക്കുകയായിരുന്നു. അത്പോലെയൊന്ന് ഇത്തവണയും സംഭവിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *