ഓസിൽ ആഴ്സണൽ വിടുമെന്നുറപ്പായി, ചേക്കേറുക തുർക്കിഷ് ക്ലബ്ബിലേക്ക് !

ആഴ്‌സണലിന്റെ ജർമ്മൻ സൂപ്പർ താരം മെസ്യൂട്ട് ഓസിൽ ആഴ്സണൽ വിടുമെന്നുറപ്പാവുന്നു. പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോം ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ഓസിൽ ഉടനെ ഗണ്ണേഴ്‌സ്‌ വിടുമെന്നും തുർക്കിഷ് ക്ലബായ ഫെനർബാഷേയുമായി ഉടൻ കരാറിൽ ഒപ്പുവെക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഫെനർബാഷേയുമായി ഓസിൽ ധാരണയിൽ എത്തിയതായാണ് വാർത്തകൾ. ആറു മാസം കൂടി ഓസിലിന് ആഴ്സണലുമായി കരാർ അവസാനിക്കുന്നുണ്ടെങ്കിലും അത്‌ നിർത്തലാക്കാൻ ധാരണയിലായിട്ടുണ്ട്. ഏഴര വർഷം ഗണ്ണേഴ്‌സിൽ ചിലവഴിച്ച ശേഷമാണ് താരം ക്ലബ് വിടാൻ തീരുമാനം എടുത്തിരിക്കുന്നത്.

ഈ സീസണിലേക്കുള്ള പ്രീമിയർ ലീഗ് സ്‌ക്വാഡിൽ നിന്നും യൂറോപ്പ ലീഗ് സ്‌ക്വാഡിൽ നിന്നും പരിശീലകൻ ആർട്ടെറ്റ ഓസിലിനെ തഴഞ്ഞിരുന്നു. ഇതോടെ താരത്തിന്റെ ആഴ്സണലിലെ ഭാവി തീരുമാനമായിരുന്നു. 2013-ലായിരുന്നു ഓസിൽ ക്ലബ് റെക്കോർഡ് തുകയായ 42 മില്യൺ പൗണ്ടിന് റയൽ മാഡ്രിഡിൽ നിന്നും ആഴ്സണലിൽ എത്തിയത്. താരത്തിന്റെ വരവോടു കൂടിയാണ് ആഴ്സനലിന് ഒമ്പത് വർഷത്തെ കിരീടവരൾച്ചക്ക്‌ വിരാമമിടാൻ സാധിച്ചത്. താരം വന്ന ആദ്യ സീസണിൽ തന്നെ എഫ്എ കപ്പ് നേടാൻ ഗണ്ണേഴ്‌സിന് സാധിച്ചു. നിലവിൽ ജർമ്മൻ ദേശിയ ടീമിൽ നിന്നും ഓസിൽ പുറത്താണ്.

Leave a Reply

Your email address will not be published. Required fields are marked *