സിദാന് അടിതെറ്റിയത് റൊട്ടേഷനിലോ? ഒരു വിശകലനം !

കഴിഞ്ഞ ദിവസം സൂപ്പർ കോപ്പയിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡിന് അടിതെറ്റിയിരുന്നു. അത്‌ലെറ്റിക്ക് ബിൽബാവോയോടാണ് റയൽ മാഡ്രിഡ്‌ 2-1 എന്ന സ്കോറിന് പരാജയപ്പെട്ടത്. ഈ തോൽവിയോടെ റയൽ മാഡ്രിഡ്‌ പരിശീലകൻ സിദാന് ഒട്ടേറെ വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. ഈ ലാലിഗയിലും റയലിനെ സംബന്ധിച്ചെടുത്തോളം മികച്ച ഒരു പ്രകടനം നടത്താൻ സാധിച്ചിട്ടില്ല. 18 മത്സരങ്ങളിൽ നിന്ന് 37 പോയിന്റ് നേടി റയൽ രണ്ടാം സ്ഥാനത്തുണ്ടെങ്കിലും അതൊന്നും ആരാധകർക്ക്‌ ആശ്വാസകരമല്ല, എന്തെന്നാൽ ഈ ലീഗിൽ നാലു സമനിലയും മൂന്ന് തോൽവിയും റയൽ മാഡ്രിഡ്‌ വഴങ്ങിയിട്ടുണ്ട്. ഏതായാലും സിദാന്റെ പല കാര്യങ്ങളോടും ആരാധകർ എതിർപ്പ് പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് യുവതാരങ്ങൾക്ക്‌ വേണ്ട രൂപത്തിൽ ഉള്ള അവസരങ്ങൾ നൽകാത്തത് ഇപ്പോൾ വിമർശനത്തിന് കാരണമാവുന്നുണ്ട്.

കുറച്ചു മുമ്പ് വരെ സിദാൻ ശക്തമായി പയറ്റിയ തന്ത്രമായിരുന്നു റൊട്ടേഷൻ തന്ത്രം. റയൽ സിദാന്റെ കീഴിൽ മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ കരസ്തമാക്കിയതിൽ ഈ തന്ത്രത്തിന് വലിയ പങ്കുണ്ട്. എന്നാൽ സിദാൻ നിലവിൽ അത്‌ കാര്യക്ഷമമായി പയറ്റുന്നില്ല.യുവതാരങ്ങൾക്ക്‌ അവസരം നൽകാൻ സിദാൻ മടിക്കുന്നതായി റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് മാർക്കയാണ്. ഈ സീസണിൽ തിബൗട്ട് കോർട്ടുവ എല്ലാ മത്സരവും കളിച്ചിട്ടുണ്ട്. അതേസമയം റാഫേൽ വരാനെ ഒരു മത്സരം മാത്രമാണ് പുറത്തിരുന്നിട്ടുള്ളത്. വാസ്‌ക്കസ് ഈ സീസണിൽ 16 മത്സരങ്ങളിൽ മുഴുവൻ സമയവും കളിച്ചു. ടോണി ക്രൂസ് ആവട്ടെ തുടർച്ചയായ 14 മത്സരങ്ങൾ കളിച്ചു. കൂടാതെ കാസമിറോ, ലുക്കാ മോഡ്രിച്ച് എന്നിവരും സ്ഥിരമായി കളിക്കുന്നുണ്ട്. എഡർ മിലിറ്റാവോ, അൽവാരോ ഓഡ്രിയോസോള, മാർട്ടിൻ ഒഡീഗാർഡ് എന്നീ യുവസൂപ്പർ താരങ്ങൾക്ക്‌ അവസരം കുറവാണ്. കൂടാതെ മാഴ്‌സെലോ, വിനീഷ്യസ്, വാൽവെർദെ എന്നിവരും പലപ്പോഴും പുറത്താണ്.ഏതായാലും സിദാന്റെ ചില തീരുമാനങ്ങൾക്കെതിരെ ആരാധകർക്കിടയിൽ മുറുമുറുപ്പുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *